ബെംഗളൂരു: ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ഐഎസ്എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയ്ന്‍ എഫ്.സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം പിടിച്ചെടുത്താണ് ചെന്നൈയ്ന്‍ വീണ്ടും ഐഎസ്എല്‍ കിരീടിത്തില്‍ മുത്തമിട്ടത്. നേരത്തെ ഐഎസ്എല്‍ രണ്ടാം സീസണിലും ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍. 17, 45 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ മെയില്‍സണ്‍ ആല്‍വ്‌സും 67-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ റാഫേല്‍ അഗസ്റ്റോയുമാണ് ചെന്നൈയ്‌ന് വിജയം എളുപ്പമാക്കിയത്.
ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് മൂന്നു ഗോളുകള്‍ വഴങ്ങി ബെംഗളൂരു തോല്‍വി സമ്മതിച്ചത്. 3-1 എന്ന നിലയില്‍ ചെന്നൈയന്‍ വിജയം ഉറപ്പിച്ച അവസാന മിനിറ്റില്‍ മിക്കു ബെംഗളൂരുവിനായി രണ്ടാം ഗോള്‍ വലയിലാക്കിയെങ്കിലും സമനില പിടിക്കാനുള്ള സമയം പിന്നീടുണ്ടായില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലാണ് ബെംഗളൂരു ആദ്യ ഗോള്‍ വലയിലാക്കിയത്. ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടി നല്‍കിയ ക്രോസ് മനോഹമായ ഹെഡ്ഡറിലൂടെയാണ് ബെംഗളൂരു ക്യാപ്റ്റന്‍ പോസ്റ്റിലെത്തിച്ചത്.
ലീഗ് ഘട്ടത്തിൽ ഉജ്വലമായി കളിച്ച ബെംഗളൂരുവിനെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഫൈനലിൽ ചെന്നൈയിൻ മേധാവിത്തം ഉറപ്പിച്ചത്. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും പതറാതെ പിടിച്ചുനിന്ന ചെന്നൈയിൻ, ബെംഗളൂരുവിനെ പിടിച്ചുകെട്ടുകയായിരുന്നു. സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ടീം ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല എന്നത് ബെംഗളൂരുവിലും ആവർത്തിച്ചു.