ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹം ജിസാറ്റ് 6എ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56 നായിരുന്നു വിക്ഷേപണം. മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 6എ വിക്ഷേപിച്ചിരിക്കുന്നത്. ജിഎസ്എല്‍വി എഫ് 08 റോക്കറ്റിലാണ് സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്ന് സാറ്റലൈറ്റ് കുതിച്ചുയര്‍ന്നത്.
ജിസാറ്റ് പരമ്ബരയിലെ 12മത് വിക്ഷേപണമാണ് ഇന്നത്തേത്. തദ്ദേശീയമായി വികസിപ്പിച്ച സിഇ7.5 ക്രയോജനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി മാര്‍ക് 2ന്റെ കരുത്ത്. 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഭൂമിയിലെ കണ്ട്രോള് കേന്ദ്രവുമായി ബന്ധപ്പെടാനുള്ള ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള വൃത്താകൃതിയിലുള്ള ആന്റിന ഉണ്ട്. 10 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.