ന്യൂഡല്‍ഹി: അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവച്ചതിന്റെ പ്രതികാരമായി ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കുകയായിരുന്നെന്ന് നന്പി നാരായണന് സുപ്രീംകോടതിയില്‍. ഐഎസ്ആര്‍ഒ കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നേരിട്ടു വിളിപ്പിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയില്‍ നാസയുടെ ഫെലോ ആയി പ്രവര്‍ത്തിച്ചു വരുന്പോള്‍ അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അത് വേണ്ടെന്നുവച്ചാണ് ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവച്ചതു തന്നെയാണ് തന്നെ ചാരക്കേസില്‍ കുടുക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും അന്വേഷണം ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയാണ് വേണ്ടതെന്നും നന്പി നാരായണന് വ്യക്തമാക്കി. ഐഎസ്ആര്‍ഒ കേസില്‍ ഇതു രണ്ടാം തവണയാണ് നന്പി നാരായണനില്‍ നിന്നു സുപ്രീംകോടതി നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നത്.
എതിര്‍കക്ഷിയായ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ അഭിഭാഷകന് ആവശ്യപ്പെട്ട പ്രകാരം കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ചിന്റെ നടപടിക്കെതിരേയാണ് നന്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചത്.