സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ വിഷയത്തില്‍ കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്‌തികയില്‍ നിയമിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും തുടര്‍ച്ചയായി കാരണമില്ലാതെ പുറത്തു നിര്‍ത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.നിലവില്‍ ആറുമാസം കൂടുമ്പോള്‍ തന്റെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്താലാണ് സസ്‌പെന്‍ഷന്‍ എന്ന് വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ നടപടി. അന്വേഷണങ്ങള്‍ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കില്‍ സമയബന്ധിതമായി അതു പൂര്‍ത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കില്‍ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.