കേരളത്തിലുമെത്തി ജയ്‌ശ്രീറാം വിളിയെച്ചൊല്ലിയുള്ള സംഘ്‌പരിവാറിന്റെ ആക്രോശങ്ങള്‍. പ്രമുഖ ചലച്ചിത്രകാരനും സാംസ്‌കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്‌ണനെതിരെയാണ് സംസ്ഥാനത്തെ സംഘ്‌പരിവാര്‍ നേതാക്കള്‍ പോര്‍വിളിയുമായി രംഗത്തെത്തിയത്.
അടൂരിന്റെ വീടിനു മുമ്പില്‍ ചെന്നു ജയ്‌ശ്രീറാം വിളിക്കുമെന്നും അത് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അടൂരിന് ശ്രീഹരിക്കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്‌തു ചന്ദ്രനിലേക്ക് പോകാമെന്നുമാണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്‌ണന്റെ ഭീഷണി. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും എപ്പോഴും ഉയരും. അത് മുഴക്കാനാണത്രേ ജനങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്‌തത്. ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കില്‍ അടൂരിന്റെ വീട്ടുപടിക്കല്‍ ഉപവാസം അനുഷ്‌ഠിക്കുമായിരുന്നുവെന്ന് അവകാശപ്പെടുന്ന ബി ജെ പി നേതാവ് കേന്ദ്രത്തില്‍ നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാണ് അടൂരിന്റെ വിമര്‍ശനമെന്നും പറഞ്ഞുവെക്കുന്നു. രാജ്യം അംഗീകരിച്ച കലാകാരനെ അപഹസിക്കുകയാണ് ബി ജെ പി നേതാവ്. മുന്‍ ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പെടെ മറ്റു ബി ജെ പി നേതാക്കളും അടൂരിനെ താറടിച്ചു രംഗത്തു വന്നിട്ടുണ്ട്.
ഹൈന്ദവ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം ഉച്ചരിക്കുന്ന `ജയ് ശ്രീറാം' പ്രകോപനപരമായ യുദ്ധകാഹളമായി ഉപയോഗപ്പെടുത്തുന്നതിനും സാമുദായികാടിസ്ഥാനത്തിലുള്ള അക്രമങ്ങളും കൊലകളും രാജ്യത്ത് വര്‍ധിച്ചു വരുന്നതിനുമെതിരെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പു വെച്ചതിനാണ് അടൂരിനെതിരായ സംഘ്‌പരിവാര്‍ അധിക്ഷേപം. 91 പേര്‍ കൊല്ലപ്പെടുകയും 579 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത, 2009 � 2018 കാലയളവില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ഏറെയും ഇരയായത് രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളാണ്. 62 ശതമാനവും മുസ്‌ലിംകളായിരുന്നു ഇതിലെ ഇരകള്‍. 14 ശതമാനം ക്രിസ്‌ത്യാനികളും. 2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതില്‍ 90 ശതമാനം സംഭവങ്ങളുമുണ്ടായതെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് വംശീയതയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് ശിലായുഗമല്ല. രാമന്റെ പേര് ഭൂരിപക്ഷ മതവിഭാഗം വിശുദ്ധിയോടെ കാണുന്നതാണ്. ആ പേര് ഇത്തരത്തില്‍ അശുദ്ധമാക്കാന്‍ അനുവദിക്കരുതെന്നും കത്ത് ആവശ്യപ്പെടുന്നു.
വസ്‌തുതാപരമാണ് കത്തിലെ പരാമര്‍ശങ്ങളത്രയും. വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയമാണ് സംഘ്‌പരിവാറിന്റേത്. മതേതര ജനാധിപത്യ നയങ്ങളിലധിഷ്‌ഠിതമായ ആശയങ്ങളും നിലപാടുകളും മുന്നോട്ടു വെക്കാനില്ലാത്ത ബി ജെ പിയുടെയും സംഘികളുടെയും എക്കാലത്തെയും തുരുപ്പുചീട്ട് വര്‍ഗീയ വിഷയങ്ങളായിരുന്നു. തൊണ്ണുറുകളില്‍ അവര്‍ അയോധ്യാ പ്രശ്‌നം ആളിക്കത്തിച്ചു. ഒന്നാം മോദി സര്‍ക്കാറിന്റെ അധികാരാരോഹണത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പശുവായിരുന്നു അവരുടെ ആയുധം. അപ്പേരില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ അഴിച്ചു വിടുകയും നിരവധി മുസ്‌ലിംകളെയും ദളിതുകളെയും നിഷ്‌ഠൂരമായി വധിക്കുകയും ചെയ്‌തു. `ജയ്‌ശ്രീറാം' അവരുടെ പുതിയ ആയുധമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെയുള്ള അഞ്ച് വര്‍ഷക്കാലം 'ജയ്‌ശ്രീറാമി'ന്റെ പേരിലുള്ള കൊലവിളികളും ആക്രോശങ്ങളും തുടര്‍ന്നു കൊണ്ടിരിക്കും. ഈ വര്‍ഗീയ തേരോട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, ജനപ്രതിനിധികള്‍ പോലും വേട്ടയാടപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ ബി ജെ പി മന്ത്രി സി പി സിംഗ്, സംസ്ഥാനത്തെ കോണ്‍ഗ്രസ് എം എല്‍ എ ഇര്‍ഫാന്‍ അന്‍സാരിയെ തടഞ്ഞു വെച്ചു ജയ്‌ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്ന രംഗം ചാനലുകളില്‍ വന്നതാണ്.