കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷനെ ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ച് വരുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസ് നല്കി വിളിച്ച് വരുത്താനാണ് തീരുമാനം. ഇന്ന് എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് കേരളത്തിലേക്ക് വിളിച്ച് വരുത്തി ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പഞ്ചാബ് പൊലീസ് മുഖേന നോട്ടീസ് നല്കി വിളിച്ച് വരുത്താനാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസ് നല്കും.
നിലവിലെ സാഹചര്യത്തില്‍ വീണ്ടും പഞ്ചാബില്‍ പോയി ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇന്ന് രാത്രി 8 മണിക്ക് എറണാകുളം റേഞ്ച് ഐജി വിജയ് സാക്‌റേയും നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
അവലോകന യോഗത്തിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. 20 പൊരുത്തക്കേടുകള്‍ ബിഷപ്പിന്റെ മൊഴിയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയ സംബന്ധിച്ച് ബിഷപ്പ് നല്കിയ മൊഴിയാണ് നിര്‍ണ്ണായമായത്.
ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനോടകം നൂറിലധികം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.