• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബന്ധുനിയമനവിവാദം: മന്ത്രി കെ.ടി. ജലീലില്‍ രാജിവച്ചു

മന്ത്രി കെ.ടി. ജലീലില്‍ രാജിവച്ചു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ്‌ രാജി. മന്ത്രിയായി തുടരാന്‍ ജലീലിന്‌ യോഗ്യതയില്ലെന്ന്‌ ലോകായുക്ത ഉത്തരവിട്ടിരുന്നു.സര്‍ക്കാരിന്‌ തലവേദനയായി ബന്ധുനിയമന വിവാദം തുടങ്ങിയിട്ട്‌ രണ്ടരവര്‍ഷമായി.

ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ടി.കെ. അദീബിന്റെ നിയമനമാണ്‌ വിവാദമായത്‌. ബന്ധുനിയമത്തിന്‌ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നതാണ്‌ പ്രധാന ആരോപണം. പി.കെ. ഫിറോസ്‌ ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌ 2018 നവംബര്‍ രണ്ടിനാണ്‌. പിണറായി മന്ത്രിസഭയില്‍നിന്ന്‌ രാജിവയ്‌ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ്‌ കെ.ടി. ജലീല്‍.

ജലീലിന്റെ പ്രതികരണം ഇതാണ്‌: എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക്‌ തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക്‌ ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ്‌ ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന്‌ ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ തൊഴില്‍ നല്‍കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്‌തതിന്റെ പേരിലോ സുനാമി ഗുജറാത്ത്‌കത്വ പ്രളയ ഫണ്ടുകള്‍ പിരിച്ച്‌ മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവെച്ച കോടികള്‍ അണ്ണാക്ക്‌ തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ സ്വന്തം മകന്‌ സിവില്‍ സര്‍വീസ്‌ പരീക്ഷക്ക്‌ മുഖാമുഖത്തില്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാള്‍ മാര്‍ക്ക്‌ ഒപ്പിച്ചു കൊടുത്തതിന്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പര്‍ഹിക്കാത്ത ഈ വേട്ടയാടലുകള്‍.

ലവലേശം തെറ്റു ചെയ്‌തില്ലെന്ന ഉറച്ച ബോധ്യമാണ്‌ വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നില്‍ക്കാന്‍ ഈയുള്ളവന്‌ കരുത്തായത്‌. മൂന്ന്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച്‌ പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത്‌ പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത്‌ അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക്‌ സ്വാഗതം. ഇത്‌ വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണ്‌. 

Top