1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസാ മേയ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രില്‍ 19നാണ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.
ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
മതിലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മൈതാനം. മതിലിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്‌ക്കാന്‍ ഡയര്‍ ആദ്യം തന്നെ പട്ടാളക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയത്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ നാനൂറുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് വാദം.
അതേസമയം പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയതെന്നും അതിനാല്‍ പൂര്‍ണവും വ്യക്തവുമായ മാപ്പ് അപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.