• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജമ്മു കശ്‌മീര്‍ പ്രമേയം രാജ്യസഭ പാസാക്കി; എതിര്‍പ്രമേയം തള്ളി

ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370 വകുപ്പ്‌ റദ്ദാക്കി രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്‌മീരിനും ബാധകമാകും. ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി. പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതി തള്ളി.

ജമ്മു കശ്‌മീരിനെ കശ്‌മീര്‍, ലഡാക്ക്‌ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്‌മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല. നേരിട്ട്‌ കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന്‌ അംഗീകാരം തേടി ആഭ്യന്തര മന്ത്രി അമിത്‌ ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്‌ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമായ ചുവടുവയ്‌പാണെന്നു ആര്‍എസ്‌എസ്‌ അഭിപ്രായപ്പെട്ടു. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്‌. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിയാണ്‌ 1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയര്‍ത്തി 370 വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്‌. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്‌മീരിന്‌ ആറു വര്‍ഷമാണ്‌. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം.

ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370 വകുപ്പ്‌. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്‌.

Top