യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്‌മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു. നഴ്‌സുമാരില്‍ നിന്നു പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായി ആരോപിച്ചു മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
നഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്‌മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്‌തു.
മാസവരി ഇനത്തിലും സമരങ്ങള്‍ക്ക് സംഭാവനയായും പിരിഞ്ഞു കിട്ടിയ മൂന്നരകോടിയിലേറെ രൂപയില്‍ വെറും എട്ടു ലക്ഷം മാത്രമേ ബാക്കിയുള്ളുവെന്നു സിബി ആരോപിച്ചു. ബാക്കി തുക സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത പലരുടെയും അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്‌സിബി ആരോപിക്കുന്നു. തുക വകമാറ്റിയതിന്റ രേഖകളടക്കമാണ് ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ആരോപണം സംഘടനയുടെ ദേശീയപ്രസിഡന്റ് ജാസ്‌മിന്‍ ഷാ നിഷേധിച്ചു. 2013 ല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ആരോപണം ഉന്നയിച്ച ആള്‍. ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യതകൂടി പരിഗണിക്കണം. എല്ലാ അന്വേഷണത്തേയും യു എന്‍ എ സ്വാഗതം ചെയ്യുന്നതായും ജാസ്‌മിന്‍ ഷാ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. നഴ്‌സിങ് സമരങ്ങളുടെ മുന്നണിയില്‍ നില്‍ക്കുന്ന സംഘടന കൂടെയാണ് ഇത്. മാസവരിസംഖ്യ നല്‍കുന്ന എണ്ണായിരത്തിലേറെ അംഗങ്ങളാണ് യുഎന്‍എയിലുള്ളത്.