റാന്നി: കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസ് (20) ബെംഗളൂരു മടിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയതായി അധികൃതര്‍. ഇവിടെ താമസിക്കാന്‍ മുറി അന്വേഷിച്ചു ചെന്നതായും മുറിയില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോയതായും ആശ്രമ അധികൃതര്‍ പറഞ്ഞു.
ആശ്വാസ ഭവനുമായി ബന്ധപ്പെട്ടശേഷം ആന്റോ ആന്റണി എം.പിയാണ് വിവരങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
ബൈക്കിലാണ് ബെംഗലുരുവിലെത്തിയതെന്നും ഇടക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോവുന്നു എന്ന് പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
. ഇക്കാര്യങ്ങള്‍ ആന്റോ ആന്റണി പോലീസിനെ അറിയിച്ചിട്ടുണ്ട്.
ജസ്‌നയെ കാണാതായിട്ട് 48 ദിവസമായി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരുടെയൊക്കെ വീടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തി.
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.
എരുമേലി ബസ്സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് പെണ്‍കുട്ടി നീങ്ങിയതായി കണ്ടവരുണ്ട്. പിന്നീടുള്ള വിവരങ്ങളൊന്നുമില്ല. തിരുവല്ല ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള, പെരുനാട് ഇന്‍സ്പെക്ടര്‍ എം.ഐ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.