ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാരമേഖലയിലുള്ള തര്‍ക്കങ്ങള്‍ സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്‌തു പരിഹരിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അറിയിച്ചു. ശക്തമായ സൗഹൃദമുള്ള രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതു പരിഹിച്ചു സമവായത്തിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയും. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും വ്യക്തമാക്കി.
വ്യാപാരമേഖലയിലെ അസ്വാരസ്യങ്ങള്‍, ഇന്ത്യ റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ യുഎസിനുള്ള അതൃപ്‌തി, എച്ച്1ബി വീസ നിയന്ത്രണ നടപടികള്‍, ഇറാനെതിരെയുള്ള യുഎസ് നടപടി ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നത് തുടങ്ങിയവ തുറന്നതും സൗഹാര്‍ദപരവുമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്‌തതായി ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളുടെയും സര്‍ക്കാര്‍ കൂടുതല്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ യുഎസ് നടപടിയെ പോംപെയോ ന്യായീകരിച്ചു. വിപണിയില്‍ യുഎസിനു കൂടുതല്‍ സ്വാധീനം ലഭിക്കുന്നതിനു വേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് നടപടിക്കു മറുപടിയായി, യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 9 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു.
സ്വന്തം ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നു റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മറുപടിയായി പറഞ്ഞു. നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്‌ക്കു ബന്ധമുണ്ട്, അവയില്‍ പലതും എപ്പോഴും നിലനില്‍ക്കുന്നവയാണ്. അതിനു പിന്നില്‍ ചരിത്രമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. റഷ്യയില്‍ നിന്നു മിസൈല്‍ വാങ്ങുന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്ന യുഎസ് ഭീഷണിക്കിടയിലാണു വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവന.
ടോക്കിയോയില്‍ 28ന് ജി20 ഉച്ചകോടിക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തുന്നതിനു മുന്നോടിയായിട്ടാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിനു ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ പ്രമുഖ വിദേശ നേതാവാണ് മൈക്ക് പോംപെയോ.