ഗ്രൗണ്ടിലും ഗ്യാലറിയിലുമുണ്ടാകുന്ന സന്തോഷമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനെ പ്രഖ്യാപിച്ചപ്പോഴുണ്ടായത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും നേടിക്കൊടുത്തത് ഫുട്‌ബോള്‍ പ്രമേയമാക്കിയ ചിത്രങ്ങളാണ്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനായിരുന്ന വി പി സത്യന്റെ ജീവിതം പ്രമേയമാക്കിയൊരുക്കിയ ക്യാപ്‌റ്റനാണ് ജയസൂര്യയെ ആദ്യ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ലോകം തിരശ്ശീലയിലേക്ക് എത്തിച്ച സക്കറിയ ചിത്രം സുഡാനി ഫ്രം നൈജീരിയയിലെ മാനേജര്‍ മജീദാണ് സൗബിനെ അവാര്‍ഡ് നേട്ടത്തിന് അര്‍ഹനാക്കിയത്.
ഫുട്‌ബോള്‍ കളിക്കാരന്‍ സത്യനായി ജയസൂര്യ എത്തിയ ചിത്രം പ്രജേഷ് സെന്നാണ് സംവിധാനം ചെയ്‌തത്. ഇരു സംവിധായകരുടെയും ആദ്യ സിനിമകളാണിത്. സംസ്ഥാന അവാര്‍ഡിന്റെ അവസാനഘട്ടത്തിലേക്ക് മുമ്പും പരിഗണിക്കപ്പെട്ട ജയസൂര്യ 2016ല്‍ 'സുസു സുധി വാത്മീകം, ലൂക്കാ ചുപ്പി' എന്നീ സിനിമകളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. അന്ന് കൈയെത്തും ദൂരത്ത് നഷ്ടമായ അംഗീകാരം ഫുട്‌ബോളിലെ പ്രതിരോധനായകന്‍ സത്യനായുള്ള പകര്‍ന്നാട്ടത്തിലൂടെ നേടുകയായിരുന്നു. 'ഞാന്‍ മേരിക്കുട്ടി'യിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രവും കരുത്തുപകര്‍ന്നു.
2012ല്‍ അന്നയും റസൂലുമെന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തെത്തിയ സൗബിന്‍ സുഡാനിയിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2013ല്‍ സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ പറവയിലൂടെ സ്വതന്ത്രസംവിധായകനായും കഴിവ് തെളിയിച്ചു.