സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവയ്‌ക്കും. രാത്രി 10.20ന് അമൃത്‌സറില്‍ നിന്നു മുംബൈയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്ന വിമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ അവസാന സര്‍വീസ്. അടിയന്തരമായി ലഭിക്കേണ്ടിയിരുന്ന 400 കോടി രൂപ ബാങ്കുകളുടെ കൂട്ടായ്‌മ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നത്.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക ഫണ്ട് ലഭിക്കാതെ വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയില്ലെന്നു കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. നിലവില്‍ അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കമ്പനി പറത്തുന്നത്. ബാങ്കുകള്‍ തുക അനുവദിച്ചില്ലെങ്കില്‍ രക്ഷയില്ലെന്നു സൂചിപ്പിച്ച് കമ്പനി മാനേജ്‌മെന്റ് സ്‌റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. വ്യോമയാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്‌പ തിരിച്ചടവു മുടങ്ങിയ കമ്പനി ഇപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.