ന്യൂഡല്‍ഹി: ' ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്നു ഞാന്‍. ഉടനെ പിന്നില്‍ നിന്നും ഒരാളെത്തി തള്ളിയിട്ട ശേഷം വെടിവയ്ക്കുവാന്‍ ശ്രമിച്ചു. പ്രാണ ഭയത്താല്‍ ഞാന്‍ കുതറി മാറിയയുടന്‍ അക്രമി ഓടി രക്ഷപെട്ടു. ' തിങ്കളാഴ്‌ച്ച തനിക്കെതിരെ ഉണ്ടായ വധശ്രമത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് പ്രതികരണവുമായി രംഗത്തെത്തി. അക്രമിയുടെ മുഖം തനിക്ക് കാണാനായില്ലെന്നും ആക്രമണത്തിന് പിന്നില്‍ ഇയാള്‍ക്കൊപ്പം ഏതെങ്കിലും വിഭാഗമോ മറ്റോ ഉണ്ടായിരുന്നോ എന്നും അറിയില്ലെന്നും ഉമര്‍ പറഞ്ഞു. 'ജനക്കൂട്ട വിചാരണയ്‌ക്കെതിരായ പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിയപ്പോഴാണ് അക്രമം നടന്നത്.' ' ഭയപ്പാടിന്റെ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ മുദ്ര കുത്തപ്പെടും. പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്നും ഉമര്‍ പറയുന്നു.
ചായ കുടിച്ചു മടങ്ങുമ്ബോള്‍ മൂന്നു പേര്‍ അടുത്തെത്തിയെന്നും ഇതിലൊരാള്‍ ഖാലിദിനെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും ഖാലിദിനൊപ്പമുണ്ടായിരുന്ന സൈഫി എന്നയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിടിവലിക്കിടെ വെടിശബ്ദം കേട്ടു. ഇതില്‍ ഖാലിദിനു പരുക്കേറ്റില്ല. വെടിയുതിര്‍ത്തയാള്‍ ഓടിമാറുന്നതിനിടെ വീണ്ടും വെടിശബ്ദം കേട്ടതായി സൈഫി വിശദീകരിച്ചു. വെള്ള ഷര്‍ട്ട് ധരിച്ച അക്രമി പാര്‍ലമെന്റ് സ്ട്രീറ്റിന്റെ ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു മുന്നില്‍ വച്ചാണ് ഉമര്‍ ഖാലിദിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തില്‍ വെടിയേല്‍ക്കാതെ ഉമര്‍ രക്ഷപ്പെടുകയായിരുന്നു. ഉമറിനെ വെടിവയ്ക്കാനുപയോഗിച്ചെന്നു കരുതുന്ന കൈത്തോക്ക് പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. ഇത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ മധുര്‍ വര്‍മ അറിയിച്ചു.
കൈതോക്ക് കണ്ടെത്തിയെങ്കിലും വെടിവയ്‌പ്പുണ്ടായോ, സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡല്‍ഹി റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ അജയ് ചൗധരി പറഞ്ഞു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ അപൂര്‍വാനന്ദ് എന്നിവര്‍ പങ്കെടുക്കുന്ന 'ഖൗഫ് സേ ആസാദി' (ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം) എന്ന പരിപാടിക്കാണ് ഉമര്‍ എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ തോക്കുധാരി അക്രമം നടത്തിയെന്ന വാര്‍ത്ത സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. രവി പൂജാരി എന്നയാളില്‍ നിന്ന് വധഭീഷണി നേരിടുന്നു എന്ന പരാതിയുമായി ഉമര്‍ ഖാലിദ് കഴിഞ്ഞ ജൂണില്‍ ഡല്‍ഹി പൊലീസിനെ സമീപിച്ചിരുന്നു. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കും ഇയാളില്‍ നിന്നു വധഭീഷണി ഉയര്‍ന്നിരുന്നു. 2016 ല്‍ ജെഎന്‍യു ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയെന്ന പരാതി വന്നതോടെയാണ് ഉമര്‍ ഖാലിദ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉമര്‍ ഖാലിദിന്റെ പിഎച്ച്‌ഡി തീസിസ് സ്വീകരിക്കാനാകില്ലെന്ന് സര്‍വകലാശാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.