''യഥാര്‍ത്ഥ നേതാവ് ഒരു സേവകനായിരിക്കും... ഭൃത്യനായിരിക്കും...'' അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രകാശമാനമായ പ്രവര്‍ത്തന പാരമ്പര്യമുള്ള, സലീം എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജോണ്‍ സി വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അന്വര്‍ത്ഥമാണ്. 1987ല്‍ ന്യൂയോര്‍ക്കിലെത്തി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ കര്‍മ ഭൂമിയിലെ ജനസേവന സപര്യക്ക് ഹരിശ്രീ കുറിച്ച ഇദ്ദേഹം ഇത്രയും കാലം കൊണ്ട് വിവിധ പദവികള്‍ അലങ്കരിച്ച്, തന്റെ സംഘടനാ ശക്തി തെളിയിച്ച് ഏവരുടെയും ആദരവിനും സ്‌നേഹത്തിനും പാത്രീഭൂതനായി. ഇപ്പോള്‍ സുപ്രധാനമായൊരു ദൗത്യമേറ്റെടുക്കാന്‍ ചുവടുറപ്പിക്കുകയാണ് പൊതു സമ്മതനായ ഈ ചെങ്ങന്നൂര്‍ സ്വദേശി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും വിളംബരമായ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായ ജോണ്‍ സി വര്‍ഗീസ്, സംഘടനയുടെ ചിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ച് (2018) നടക്കുന്ന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.
ഫോമയുടെ മുന്‍ സെക്രട്ടറി (2008-10) സ്ഥാനത്തിരിക്കെ 2010ലെ ലാസ്‌വേഗാസ് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സലീം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി മത്സരരംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഫോമാ റീജിയനുകളുടെയും വിവിധ മലയാളി സംഘടനകളുടെയും താത്പര്യവും സമ്മര്‍ദ്ദവും മാനിച്ചാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനവിധി തേടുന്നതെന്ന് ജോണ്‍ സി വര്‍ഗീസ് ഇ-മലയാളിയോട് വെളിപ്പെടുത്തി. കറയറ്റ സംഘടനാ പ്രവര്‍ത്തനത്തിന്റെ തെളിച്ചമുള്ള സംവത്സരങ്ങളുടെ ചരിത്രം ഇദ്ദേഹത്തിന് പറയാനുണ്ട്. ഫോമയെന്ന ബൃഹത്തായ ഒരു ഫെഡറേഷന്റെ അമരത്തേയ്ക്ക് മത്സരിക്കുമ്പോള്‍ തന്റെ സുതാര്യമായ സംഘടനാ പ്രവര്‍ത്ത പാരമ്പര്യം പിന്‍ബലമാകുമെന്ന് സലീമിന് ശുഭപ്രതീക്ഷയുമുണ്ട്.
അടുത്ത കാലത്ത് എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ച ലോഡ് കൃഷ്ണ ബാങ്കില്‍ പത്തു വര്‍ഷക്കാലം ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും പലവട്ടം നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോണ്‍ഗ്രസിന്റെ ട്രഷററുമായിരുന്നു.
ഇപ്രകാരം സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമായ ജോണ്‍ സി വര്‍ഗീസ് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 2005ല്‍ തുടങ്ങി വച്ച സൗജന്യ ഉച്ചഭക്ഷണ വിതരണം ഇന്നും മുടക്കമില്ലാതെ തുടരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ ജീവിത നിയോഗമായി ഏറ്റെടുത്ത സലീം തന്റെ സംഘടനാ പാരമ്പര്യം, പൊതു സേവന കാഴ്ചപ്പാട്, ഫോമയുടെ ജനപക്ഷമുഖം തുടങ്ങിയവയെ പറ്റി ഇ-മലയാളിയോട് സംസാരിച്ചു... സുതാര്യമായി... ഒരു തുറന്ന പുസ്തകത്തിലെന്നപോലെ...
? ദീര്‍ഘമായ ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യം...
* ഫോമായ്ക്ക് ന്യൂയോര്‍ക്കില്‍ എമ്പയര്‍, മെട്രോ എന്നീ രണ്ട് റീജിയനുകളുണ്ട്. ഫോമായുയെ 2020ലെ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ലാന്‍ഡ് കണ്‍വന്‍ഷനായി നടത്തുന്നതു സംബന്ധിച്ച് എമ്പയര്‍ റീജിയന്റെ ഒരു മീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു. ബേബി ഊരാളില്‍ പ്രസിഡന്റായിരിക്കെ ന്യൂയോര്‍ക്കില്‍ നടന്നത് 'കണ്‍വന്‍ഷന്‍ അറ്റ് സീ' എന്ന പേരില്‍ ക്രൂയിസ് കണ്‍വണ്‍ഷനായിരുന്നു. 1982ല്‍ ഫൊക്കാനയുടെ തുടക്കം ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നെങ്കിലും അതിനു ശേഷം കൂടുതല്‍ മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് കഴിഞ്ഞിട്ടില്ല. 1998ലെ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നിന്ന് മാറി റോച്ചസ്റ്ററില്‍, അപ്‌സ്റ്റേറ്റിലായിരുന്നല്ലോ. ഈ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫോമ കണ്‍വന്‍ഷന്‍ നടത്തുന്നതിനെ പറ്റി ഞാന്‍ ഉള്‍പ്പെടുന്ന എമ്പയര്‍ റീജിയന്‍ ചര്‍ച്ച ചെയ്തത്. അവര്‍ ഏകകണ്ഠമായി പ്രസിഡന്റ് പദത്തിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ഏറെ ആലോചിച്ച ശേഷം ആ അഭ്യര്‍ത്ഥന ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചത്.
? ഫോമായിലെ പ്രവര്‍ത്തന പാരമ്പര്യം...
* 2008 ഒക്ടോബറില്‍ ഞാന്‍ സെക്രട്ടറിയായി. 2010ലെ ലാസ് വെഗാസ് കണ്‍വന്‍ഷന്‍ വിജയകരമായി നടത്തി. അതിനു ശേഷം തിരഞ്ഞെടുപ്പില്‍ നില്‍ക്കാനോ ഭാരവാഹിത്വത്തിനു വേണ്ടിയോ ശ്രമിച്ചില്ല. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍വന്‍ഷന്‍ നടത്താം എന്ന് ഏവരും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു.
? താങ്കളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എത്രമാത്രം സ്വീകാര്യതയുണ്ട്, ജനപിന്തുണയുണ്ട്...
* ഫോമയ്ക്ക് 12 റീജിയനുകളാണുള്ളത്. ഭൂരിപക്ഷം റീജിയനുകള്‍ക്കും എന്റെ സ്ഥാനാര്‍ത്ഥിത്വത്തിനോടാണ് താത്പര്യം എന്ന് മനസിലാക്കുന്നു. പിന്നെ ഫോമയുടെ തുടക്കം മുതല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അതിന് മുമ്പുണ്ടായിരുന്ന സംഘടനയിലും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. കൂടാതെ ഞാന്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഭാരവാഹിത്വമുണ്ടായിരുന്നു. അവരൊക്കെ 100 ശതമാനം പിന്തുണ നല്‍കുമെന്നുറപ്പാക്കിയിട്ടുണ്ട്. ഭൂരിപക്ഷം വനിതാ സംഘടനകള്‍ക്കും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫോമ കണ്‍വന്‍ഷന്‍ നടത്തുന്നതിനോട് അതീവ താത്പര്യമുണ്ട്. ന്യൂയോര്‍ക്ക് മെട്രോ റീജയന്റെ പിന്തുണ അറിയിക്കുമെന്നാണ് ശുഭപ്രതീക്ഷ. ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ, കണക്ടിക്കട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ ന്യൂയോര്‍ക്കില്‍ ഉറപ്പായും കണ്‍വന്‍ഷന്‍ നടത്താനാവും.
? ലാസ് വെഗാസ് കണ്‍വന്‍ഷനെ പറ്റിയുള്ള ഓര്‍മകള്‍...
* ഏറ്റവും കൂടുതല്‍ പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്ന കണ്‍വന്‍ഷനാണത്. സംഘടിതമായ ഫോമ കണ്‍വന്‍ഷന്‍ എന്ന നിലയില്‍ 37ഓളം അംഗസംഘടനകളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ലാസ് വെഗാസില്‍ ഒരു മലയാളി കണ്‍വന്‍ഷന്‍ നടത്തുകയെന്നത് അത്ര എളുപ്പമല്ല. 2010 ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെയായിരുന്നു കണ്‍വന്‍ഷന്‍. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എനിക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ഫോമായുടെ അടിസ്ഥാന ശില പാകിയതായിരുന്നു അഞ്ചു ദിവസത്തെ ആ സമ്പൂര്‍ണ കണ്‍വന്‍ഷന്‍. അവിടെ നിന്ന് വളര്‍ച്ചയിലേക്ക് കുതിച്ച ഫോമയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
? ഇപ്പോള്‍ ഫോമായെ നോക്കിക്കാണുമ്പോഴുള്ള വിചാരങ്ങള്‍...
* എഴുപത് അംഗ സംഘടനകളുടെ ഫെഡറേഷനായി ഫോമ മാറിയതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്. ആരംഭ കാലത്ത് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കില്‍, അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഫോമയെ ബൃഹത്തായ ഒരു ഫെഡറേഷനാക്കി മാറ്റുന്നതില്‍ മറ്റു പല സ്ഥാപക നേതാക്കളോടൊപ്പം എനിക്കും എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് 2020ല്‍ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ ആഗ്രഹിക്കുന്നത്.
? പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നപദ്ധതികള്‍...
* ഇപ്പോള്‍ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍ തുടങ്ങിയവരുടെ ഊര്‍ജ്വസ്വലമായ നേതൃത്വത്തില്‍ ഫോമ എല്ലാ നിലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. അംഗബലത്തിലും പ്രവര്‍ത്തന മികവിലും സേവനോന്മുഖതയിലുമൊക്കെ മുന്നിട്ടു നില്‍ക്കുന്ന ഈ ടീമിന്റെ പ്രോജക്ടുകളുടെ ഫോളോ അപ്പിനൊപ്പം സ്വപ്നപദ്ധതികളുമുണ്ടാവും.
? ചുരുങ്ങിയ കാലം കൊണ്ട് ഫോമ വലിയൊരു ഫെഡറേഷനായി മാറിയതെന്തുകൊണ്ട്...
* ഒരു കണ്‍വന്‍ഷന്‍ സംഘടന എന്നതിലുപരി എല്ലാക്കാലത്തും അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന ഒരു സംഘടനയായി ഫോമയെ രൂപപ്പെടുത്തിയെടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞുവെന്നതാണ് ഈ അസൂയാവഹമായ വിജയത്തിന്റെ കാതല്‍. സാധാരണ അമേരിക്കന്‍ മലയാളികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ഇടപെടുന്നതിലും അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതിലും ഫോമ ഏറെ ശ്രദ്ധ ചെലുത്തുന്നു.
? ഉദാഹരണങ്ങള്‍...
* ജോലിസ്ഥലത്തും വീട്ടിലും പൊതു സ്ഥലങ്ങളിലുമൊക്കെ അമേരിക്കന്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിലും അവരുടെ നാട്ടിലുള്ള വസ്തുവകകള്‍ സംരക്ഷിക്കുന്ന കാര്യത്തിലുമൊക്കെ ബന്ധപ്പെട്ടവരില്‍ സ്വാധീനം ചെലുത്തി നീതി ലഭ്യമാക്കാനും പരിഹാരം കാണാനും ഫോമയ്ക്ക് കഴിയുന്നു. അതുകൊണ്ടു തന്നെയാണ് ഇത്രയധികം സംഘടനകള്‍ ഫോമയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്. ഒട്ടനവധി സംഘടനകള്‍ ഇനിയും ഫോമയിലേയ്‌ക്കെത്തും.
? സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പിനെ കുറിച്ച്...
* ശക്തമായ ഒരു പൊളിറ്റിക്കല്‍ ഫോറം ഫോമയ്ക്കുണ്ട്. കൂടാതെ വനിതാ-യൂത്ത് ഫോറങ്ങളും. താമസിയാതെ സീനിയേഴ്‌സിനായി ഒരു ഫോറം നിലവില്‍ വരും. അങ്ങനെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സമസ്ത മേഖലകളിലേയ്ക്കും ഇറങ്ങിച്ചെന്നാണ് ഫോമയുടെ പ്രവര്‍ത്തനം. അത് വിജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
? അപ്പോള്‍ കണ്‍വന്‍ഷന്‍ സംഘടനകള്‍ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു...
* അതെ, മുന്‍കാലങ്ങളില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു കണ്‍വന്‍ഷന്‍ എന്നതായിരുന്നു അംബ്രല്ലാ ഓര്‍ഗനൈസേഷനുകളുടെ ലക്ഷ്യം. അതു മാറി. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സമാപനം എന്ന നിലയ്ക്കാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. പ്രതിജ്ഞാബദ്ധമായ ഒരു ഭരണസമിതി അതിന്റെ രണ്ടു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജനകീയ പദ്ധതികളുടെയും പരിപാടികളുടെയും സമാപനത്തിനും പുതിയ തുടക്കത്തിനുമായി കണ്‍വന്‍ഷനുകളെ രൂപപ്പെടുത്തിയെടുക്കാനാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ ശ്രമിക്കുന്നത്.
? ഈയൊരു മഹത്തായ ചിന്ത മുന്‍കാലങ്ങളില്‍ എന്തുകൊണ്ടാണ് ഉയരാതെ പോയത്...
* ഞങ്ങളൊക്കെ ആദ്യകാലത്ത് വിഭാവനം ചെയ്ത ഒരാശയമായിരുന്നു ഇത്. ഞാന്‍ സെക്രട്ടറിയായിരുന്ന കാലത്ത് എന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇക്കാര്യം. ഇതൊരു കണ്‍വന്‍ഷന്‍ സംഘടനയല്ല. അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു ബഹുജന സംഘടനയായി ഫോമയെ മാറ്റിയെടുക്കും എന്ന് 2008ല്‍ ഞാന്‍ പറഞ്ഞത് ഇന്ന് ഫലപ്രാപ്തിയിലെത്തി. അന്ന് എന്റെ മറ്റൊരു മുദ്രാവാക്യമായിരുന്നു, ''ചെയ്യാന്‍ കഴിയുന്നത് പറയുക, പറയുന്നത് ചെയ്യുക...'''എന്നത്. 2008ല്‍ ഞാനിത് പറഞ്ഞെങ്കില്‍ 2017ല്‍ അതിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. നേതൃത്വത്തിന് സുതാര്യത ഉണ്ടാവുക, നേതൃപാടവത്തിന് ആത്മാര്‍ത്ഥത കൈവരുത്തുക, അമേരിക്കന്‍ മലയാളികളുടെ വിശ്വാസം നേടുന്നതിനുള്ള പ്രവര്‍ത്തനം രൂപപ്പെടുത്തുക. മുമ്പ് ഞാന്‍ വിഭാവനം ചെയ്ത ഇക്കാര്യങ്ങള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പൂര്‍ത്തിയാക്കുവാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാവുമെന്നുറപ്പ്.
? വലിയ ഉത്തരവാദിത്വമുള്ളതാണ് ഫോമായുടെ പ്രസിഡന്റ് പദം. അമേരിക്കന്‍ മലയാളികലുടെ വിശ്വാസ്യത നേടിയെടുക്കാന്‍...
* താരതമ്യേന വിദ്യാസമ്പന്നരും തൊഴില്‍ സുരക്ഷയുള്ളവരുമാണ് അമേരിക്കന്‍ മലയാളികള്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ ദേശീയ രാഷ്ട്രീയ മേഖലകളില്‍ മലയാളികള്‍ കൂടുതല്‍ വ്യാപൃതരാവേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇന്ന് അമ്പലങ്ങളിലും പള്ളികളിലും അസോസിയേഷനുകളിലും മലയാളികളുടെ പ്രവര്‍ത്തനം ഒതുങ്ങി നില്‍ക്കുന്നു. ആ സ്ഥിതിയില്‍ നിന്ന് മാറി അവരെ യു.എസ് കോണ്‍ഗ്രസിലും അസംബ്ലിയിലുമൊക്കെ പ്രവര്‍ത്തിക്കുന്നതിനും ടൗണിലും സിറ്റിയിലുമുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ രാഷ്ട്രീയ സേവനം വ്യാപിപ്പിക്കുന്നതിന് സജ്ജരാക്കുകയും ശക്തരാക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്തം ഫോമയ്ക്കും അതിന്റെ സാരഥികള്‍ക്കുമുണ്ട്.
? ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍...
ഇക്കാര്യം സാക്ഷാത്ക്കരിക്കാന്‍ പൊളിറ്റിക്കല്‍ ഫോറം ഉള്‍പ്പെടെയുള്ളവ ഉണ്ട്. അതിലൂടെയെല്ലാം നേതൃപാടവമുള്ള യുവജനങ്ങള്‍ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കി ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.
? ഇത്തരം ഫോറങ്ങളില്‍ മതിയായ ജനപങ്കാളിത്തമില്ല എന്നാണല്ലോ മനസ്സിലാക്കുന്നത്...
* അമേരിക്കന്‍ മലയാളികളുടെ എണ്ണത്തിന്റെ ചെറിയൊരു ശതമാനമാണ് ഇത്തരം സാമൂഹിക സാംസ്‌കാരിക സംഘടകളില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ താത്പര്യം ഇതിലേയ്ക്ക് കൊണ്ടുവരുന്നതിനു വേണ്ടി യുവജനോത്സവം പോലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഫോമയുടെ 12 റീജിയനുകളിലും യുവജനോത്സവം നടത്തി അതിലെ വിജയികള്‍ക്ക് 2018ലെ ചിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കാന്‍ അവസരമൊരുക്കും. എന്റെ ടേമിലും യുവജനോത്സവം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചിരുന്നു. അതുപോലെ യുവജനങ്ങള്‍ തദ്ദേശീയമായ സംഘടനകളിലേയ്ക്കും തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിച്ച് അമേരിക്കന്‍ ദേശീയ ധാരയിലേയ്ക്ക ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്. ഇതിന്റെയൊക്കെ അങ്കത്തട്ടായി, പരിശീലനക്കളരിയായി, ചൂണ്ടുപലകയായി ഫോമ മാറും. ഭാവിയില്‍ കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കുന്ന കാഴ്ച നമുക്ക് കാണാന്‍ ഭാഗ്യമുണ്ടാവട്ടെ.
? യുവജനങ്ങളെയും കുട്ടികളെയും മലയാള സംസ്‌കൃതിയിലേയ്ക്കും തനിമയിലേയ്ക്കും അടുപ്പിക്കുന്നതില്‍ എത്രമാത്രം വിജയിച്ചു...
* കേരള സംസ്‌കാരം, മലയാളത്തനിമ, മലയാള ഭാഷ എന്നിവയൊക്കെ കാത്തു സൂക്ഷിക്കുന്നതില്‍ മലയാളി സംഘടനകള്‍ കാലാകാലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ദേശീയതലത്തിലാക്കി മാറ്റാനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഫോമയ്ക്ക് നിര്‍വഹിക്കുവാനുള്ളത്. എല്ലാ കണ്‍വന്‍ഷനുകളിലും എല്ലാ ഭാരവാഹികളും പുതുതലമുറയെ കേരളീയതയെന്തെന്ന് ബോധ്യപ്പെടുത്തുകയും മലയാളത്തനിമയോടെ വളര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അമേരിക്കയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തും അവര്‍ക്ക് അടിപതറാതെ മുന്നോട്ടു പോകുവാനുള്ള പാതയൊരുക്കുകയെന്നതും അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്.
? ജന്മനാട്ടിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍...
* ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി പറഞ്ഞ് തുടങ്ങാം. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി 2005 ജൂലൈയില്‍ സൗജന്യ ഉച്ചഭക്ഷ വിതരണ പരിപാടി ഞാന്‍ തുടങ്ങുകയുണ്ടായി. ഇന്നും മുടങ്ങാതെ എല്ലാ ദിവസവും ആ പരിപാടി നടന്നു വരുന്നു. ചെങ്ങന്നൂരിലെ സാന്ത്വനം എന്ന സംഘടനയുമായി സഹകരിച്ചും മുന്നോട്ടു പോകുന്നു. ഈ പദ്ധതിക്ക് ഇന്ന് ചെങ്ങന്നൂര്‍ അസോസിയേഷനും മറ്റ് പല സംഘടനകളും സഹായം നല്‍കുന്നുണ്ട്. അതുപോലെ 2010 ജനുവരിയില്‍ ഫോമയുടെ ആദ്യത്തെ കേരള കണ്‍വന്‍ഷന്‍ ഞങ്ങള്‍ നടത്തി. അന്ന് 37 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കി. കൂടാതെ ഇടുക്കിയില്‍ ഒരു വന്‍ മെഡിക്കല്‍ ക്യാമ്പും നടത്തുകയുണ്ടായി. ഈ സമയത്ത് ജോണ്‍ ടൈറ്റസ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായിരുന്നു. അതുപോലെ പല ഘട്ടങ്ങളില്‍ ചുമതലയേറ്റ ഭരണസമിതികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ നടത്തുകയും നിര്‍ധനരുടെയും രോഗികളുടെയും കണ്ണീരൊപ്പുകയും ചെയ്തു. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പ്രോജക്ട് ഫോമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവും അഭിമാനകരവുമാണ്. വരും കാലങ്ങളിലും കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ചാരിറ്റി എന്നത് വ്യക്തികളുടെ സ്വഭാവത്തില്‍ രൂപീകരിക്കുകയും ജീവിതത്തില്‍ ഒരു നിയോഗമാക്കേണ്ടതുമായ മഹത്തായ സഹജീവി സ്‌നേഹത്തിന്റെ മുദ്രാവാക്യമാണ്.
? വരുന്ന ഓഗസ്റ്റില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനെ കുറിച്ച്...
* 2010ല്‍ തിരുവല്ലയില്‍ ഫോമയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം ഫോമയെ കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു. ഇപ്പോഴത് മാറി. വിവിധങ്ങളായ പ്രോജക്ടുകളിലൂടെ ഫോമ കേരളത്തിലുള്ളവര്‍ക്ക് സുപരിചിതമാണിന്ന്. ഫോമയ്ക്ക് ഇപ്പോള്‍ വന്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനുളള കാലിബറും കരിസ്മയും ജനപിന്തുണയുമുണ്ട്. പുതിയ പദ്ധതികള്‍ കേരള കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കുമെന്ന് ഞാന്‍ കരുതുന്നു. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും...
***
ജോണ്‍ സി വര്‍ഗീസിനെ പോലെ പ്രവര്‍ത്തന പാരമ്പര്യവും സുതാര്യമായ ട്രാക്ക് റെക്കോഡും സംഘടനാ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവരായിരിക്കണം നാളെ ഫോമ പോലുള്ള ബഹുജന പ്രസ്ഥാനങ്ങളെ നയിക്കേണ്ടത്. വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും വീക്ഷണത്തിലും തനി ഫോമാക്കാരനായ സലിം ഫോമയുടെ അമരക്കാരനാവുമെന്നാണ് നിസ്വാര്‍ത്ഥരായ പൊതു പ്രവര്‍ത്തകരുടെയും നിഷ്പക്ഷ മതികളുടെയും ശുഭപ്രതീക്ഷ. ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ അക്കൗണ്ടന്റാണ് ഇദ്ദേഹം. ഭാര്യ ഗ്രേസി വര്‍ഗീസ് നേഴ്‌സിങ് ഹോം അഡ്മിനിസ്‌ട്രേറ്ററാണ്. ഡോക്ടറായ ശരത്, ആര്‍ക്കിടെക്റ്റായ ശിശിര്‍ എന്നിവര്‍ മക്കള്‍. ഫാര്‍മസിസ്റ്റായ സോണിയയും സി.പി.എ. ആയ ട്രീസയും ആണു മരുമക്കള്‍. സാക്ക് കൊച്ചുമകന്‍.
ഒരാള്‍ തന്റെ ചിന്തകളില്‍, ബന്ധങ്ങളില്‍, ജീവിത രീതികളില്‍ ലാളിത്യമുള്ളവനാകുമ്പോള്‍ അയാള്‍ ഒന്നുമായും കലഹിക്കുന്നില്ല. അങ്ങനെ ഇടയാതിരിക്കുമ്പോള്‍ ആ വ്യക്തി എവിടെയും സംഘര്‍ഷമില്ലാത്തവനാണ്. സംഘര്‍ഷമില്ലാതിരിക്കുമ്പോള്‍ അദ്ദേഹം സ്‌നേഹ നിര്‍ഭരനാണ്. അപ്പോള്‍ ആ മനുഷ്യന്‍ ആര്‍ക്കും എതിരല്ല, ആരെയും വേദനിപ്പിക്കുന്നില്ല. അപ്പോള്‍ ആ വ്യക്തി ലളിതനാണ്... സുന്ദരനും... അതെ, നമ്മുടെ സലീം എന്ന ജോണ്‍ സി വര്‍ഗീസിനെ പോലെ... ''ശുഭാശംസകള്‍...''