കെ.എം.മാണിയുടെ കാലത്തെ കീഴ്‌വഴക്കം തുടരുമെന്ന് പി.ജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനം തനിക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ ജോസ് കെ.മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ് എന്നതാണു ന്യായം. സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, പി.ജെ.ജോസഫുമായി കൂടിക്കാഴ്‌ച നടത്തി. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഒഴിവാക്കണമെന്നാണു യുഡിഎഫിന്റെ താല്‍പര്യമെന്നു ജോണി പറഞ്ഞു. തീരുമാനം എടുക്കാനുള്ള പക്വതയാര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. കേരള കോണ്‍ഗ്രസുകാര്‍ എന്ന വികാരം മുന്‍നിര്‍ത്തി വ്യക്തിപരമായ സന്ദര്‍ശനം മാത്രമാണു ജോസഫുമായി നടത്തിയതെന്നും ജോണി പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്ത ശേഷമാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടതെന്നു ജോസ് കെ.മാണി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം അറിവുമില്ല. ആരും അറിയിച്ചിട്ടുമില്ല. ഏതെങ്കിലും കക്ഷികള്‍ രഹസ്യയോഗം ചേരുന്നതായിരിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ച് ജോസ് കെ.മാണി പക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് കത്ത് നല്‍കിയിട്ടുണ്ട്. കമ്മിറ്റി വിളിച്ചില്ലെങ്കില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനും തീരുമാനമുണ്ട്.