കേരള കോണ്‍ഗ്രസിന്റെ 'രണ്ടില'ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് ഉത്തരവ്.
പി.ജെ.ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചത്. അതേസമയം ന്യൂനപക്ഷ വിധിയെഴുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) എന്ന് കണക്കാക്കാനാകില്ലെന്ന് കുറിച്ചു.
ഇത് കെ.എം. മാണിയുടെ വിജയമാണെന്നായിരുന്നു ജോസ് കെ. മാണി ഉത്തരവിനോട് പ്രതികരിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് വിഭാഗം അറിയിച്ചു. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തര്‍ക്കം തുടരുകയായിരുന്നു.
പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. പാലായിലെ തോല്‍വിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു