കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എംപിമാരെല്ലാം മല്‍സരിക്കണോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്.
കേരള കോണ്‍ഗ്രസ് (എം)ലെ സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് കെ.എം. മാണിയോടു ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. ജോസഫിനെ മല്‍സരിപ്പിക്കുമെന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മിക്ക സീറ്റുകളിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. ആര്‍എംപിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടുമില്ല. മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കുന്നതു സംബന്ധിച്ചു രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാവും അന്തിമ തീരുമാനമെടുക്കുക.
കോണ്‍ഗ്രസിന്റെ സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. അതേസമയം എറണാകുളത്തെ സിറ്റിങ് എം.പി കെ.വി, തോമസിനെ ഡല്‍ഹിക്കു വിളിപ്പിച്ചു ചര്‍ച്ച നടത്തി.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെയും രമേശ് ചെന്നിത്തല രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയതു രാഷ്ട്രീയപ്രേരിതമാണ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.