• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒരു സീറ്റും വിട്ട്‌ കൊടുക്കേണ്ടതില്ലെന്ന്‌ ഹൈക്കമാന്‍ഡ്‌; ജോസഫ്‌ പെരുവഴിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്തതില്‍ സംസ്ഥാന നേതാക്കളെ അതൃപ്‌തി അറിയിച്ച്‌ ഹൈക്കമാന്‍ഡ്‌. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന്‌ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടമായെന്നും ഹൈക്കമാന്‍ഡ്‌,

നേതൃത്വത്തിന്‌ മുന്നറിയിപ്പ്‌ നല്‍കി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട്‌ തന്നെ അതൃപ്‌തി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഇനി ഒരു സീറ്റും ഘടകകക്ഷികള്‍ക്ക്‌ വിട്ട്‌ കൊടുക്കേണ്ടെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്‌. ഇതോടെ ഇടുക്കിയില്‍ നോട്ടമിട്ടിരുന്ന പി.ജെ.ജോസഫിന്റെ കാര്യം ത്രിശങ്കുവിലായി. വടകരയില്‍ കെ.കെ.രമയെ സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന ലീഗിന്റെ ആവശ്യവും പരിഗണിക്കില്ല. ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും. ഭാരിച്ച ഉത്തരവാദിത്തം ഉള്ളതിനാല്‍ കെ.സി.വേണുഗോപാലിനെ സുരക്ഷിതമായ വയനാട്ടില്‍ മത്സരിപ്പിക്കാനാണ്‌ സാധ്യത.

ഘടകകക്ഷികള്‍ക്ക്‌ ഇനി സീറ്റ്‌ വിട്ട്‌കൊടുക്കേണ്ടെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ അറിയിച്ചതോടെ നാളെ വൈകീട്ട്‌ വരെ കാത്തിരിക്കുമെന്നാണ്‌ പി.ജെ.ജോസഫ്‌ പ്രതികരിച്ചത്‌. തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും തന്റെ തീരുമാനം നാളെ വൈകീട്ട്‌ അറിയിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്‌ സീറ്റ്‌ വിട്ട്‌കൊടുത്താല്‍ ലീഗിന്റെ ആവശ്യവും പരിഗണിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസിന്‌ വിട്ടുവീഴ്‌ച വേണ്ടിവരും. ദേശീയ തലത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള തയ്യാറെടുപ്പിനിടയില്‍ ഈ വിട്ടുവീഴ്‌ചക്ക്‌ അനുമതി നല്‍കാനാവില്ലെന്നാണ്‌ ഹൈക്കമാന്‍ഡ്‌ അറിയിച്ചിരിക്കുന്നത്‌. നേരത്തെ കേരളാ കോണ്‍ഗ്രസിന്‌ രാജ്യസഭാ സീറ്റ്‌ വിട്ട്‌ നല്‍കിയതില്‍ ഹൈക്കമാന്‍ഡ്‌ അതൃപ്‌തി അറിയിച്ചതാണ്‌.

Top