പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചന. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നായിരുന്നു ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. കോട്ടയത്തു പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കെ.എം.മാണി തയാറല്ല. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പി.ജെ.ജോസഫിന്റെ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസിനും കഴിയില്ല.
ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്തു ജോസഫിനെ യുഡിഎഫിന്റെ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്. അധികസീറ്റിന് ആവശ്യമുന്നയിച്ച ലീഗിന്റെ നിലപാട് കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാകു. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ലെന്നാണു സൂചന. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ജോസഫിന് ഒരു സീറ്റ് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം.
നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നില്ലെങ്കില്‍ ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പി.ജെ.ജോസഫ് വന്നാല്‍ ജയസാധ്യത ഏറെയുണ്ടെന്നാണു കണക്കുകൂട്ടല്‍.