• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയ്‌ക്ക്‌ വിട

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്‌തു. ഒക്‌ടോബര്‍ 18ന്‌ പുലര്‍ച്ച 2.38ന്‌ ആയിരുന്നു അന്ത്യം.
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ്‌ മാര്‍ തിമോത്തിയോസ്‌, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ്‌ എന്നിവര്‍ മരണസമയത്ത്‌ അടുത്തുണ്ടായിരുന്നു. ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദമായിരുന്ന ഇദ്ദേഹം 13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്‌.
പാന്‍ക്രിയാസ്‌ കാന്‍സറിനെ തുടര്‍ന്ന്‌ ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്‌സ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്‌ചയായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തൈലാഭിഷേക ശുശ്രൂഷയും നടന്നിരുന്നു.
ആരോഗ്യ കാരണങ്ങളാല്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2007 ഒക്ടോബര്‍ 2ന്‌ ആണ്‌ ഡോ. ജോസഫ്‌ മാര്‍ ഐറേനിയസ്‌ മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്‌.
സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത്‌ തിളങ്ങിയ ജോസഫ്‌ മാര്‍ത്തോമ്മാ രാജ്യത്തെ ക്രൈസ്‌തവ സഭാ നേതാക്കളില്‍ മുഖ്യസ്ഥാനീയനായിരുന്നു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച മെത്രാപ്പൊലീത്ത അശരണര്‍, രോഗികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍, ആവശ്യത്തിലിരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവന്‍, മാവേലിക്കരയിലെ ജേ്യാതിസ്‌ എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായി നവജീവന്‍ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുന്‍ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു.
പ്രളയ ദുരിതം നേരിടുന്നവര്‍ക്കുവേണ്ടി സഭയുടെ 100 വീടുകള്‍ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ പദ്ധതിയാണ്‌. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രിയോഗങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ടായിരുന്നു വിലക്ക്‌ നീക്കിയതും മെത്രാപ്പൊലീത്തയാണ്‌. ഇതിനായി കണ്‍വന്‍ഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തി.
മാരാമണ്‍ പാലക്കുന്നത്ത്‌ തീത്തൂസ്‌ രണ്ടാമന്‍ മെത്രാപ്പൊലീത്തയുടെ സഹോദരന്റെ മകന്‍ ലൂക്കോസിന്റെയും മാരാമണ്‍ പുത്തൂര്‍ വീട്ടില്‍ മറിയാമ്മയുടെയും മകനായി 1931 ജൂണ്‍ 27 നു ജനിച്ച ബേബി എന്നു വിളിപ്പേരുള്ള പി.ടി. ജോസഫാണ്‌ പില്‍ക്കാലത്ത്‌ ജോസഫ്‌ മാര്‍ ഐറേനിയസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്തയും തുടര്‍ന്ന്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുമായത്‌. മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്ന പാലക്കുന്നത്തു കടോണ്‍ തോമസ്‌ പി. ലൂക്കോസ്‌, കറ്റാനം കാര്യാടിയില്‍ മറിയാമ്മ, വെണ്‍മണി കീരിക്കാട്ട്‌ സരോ രാജന്‍ എന്നിവരാണ്‌ സഹോദരങ്ങള്‍.
കോഴഞ്ചേരി, മാരാമണ്‍, ആലുവ യുസി കോളജ്‌, ബെംഗളൂരു യുടി കോളജ്‌, വിര്‍ജീനിയ സെമിനാരി വൈക്ലിഫ്‌ ഓക്‌സ്‌ഫോഡ്‌, സെന്റ്‌ അഗസ്റ്റിന്‍ കാന്റര്‍ബറി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിര്‍ജീനിയ സെമിനാരി, സെറാംപുര്‍ സര്‍വകലാശാല, അലഹാബാദ്‌ കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നു ഡോക്ടറേറ്റ്‌ നേടി.
മാരാമണ്‍ മാര്‍ത്തോമ്മാ ഇടവകയില്‍ അംഗമായ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ 1957 ജൂണ്‍ 29 നാണ്‌ ശെമ്മാശനായത്‌. 1957 ഒക്ടോബര്‍ 18ന്‌ കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന്‌ ഈശോമാര്‍ തിമോത്തിയോസിനൊപ്പം എപ്പിസ്‌കോപ്പയായി. 1999 മാര്‍ച്ച്‌ 15 നു സഫ്രഗനും 2007 ഒക്ടോബര്‍ രണ്ടിനു മെത്രാപ്പൊലീത്തയുമായി.
റാന്നി, കോഴിക്കോട്‌, കുണ്ടറ, മദ്രാസ്‌ ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌, നാഷനല്‍ കൗ!ണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ഇന്‍ ഇന്ത്യ, ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ, ഏഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌, വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌, ക്രിസ്‌ത്യന്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആക്‌ഷന്‍ സിഎസ്‌ഐ  സിഎ!ന്‍ഐ  മാര്‍ത്തോമ്മാ സഭ ഐക്യസമിതി, മാര്‍ത്തോമ്മാ യാക്കോബായ ഡയലോഗ്‌ എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകള്‍ വഹിച്ചു.
തിരുവനന്തപുരം ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെന്റര്‍, തിരുവനന്തപുരം മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആയൂര്‍ മാര്‍ത്തോമ്മാ കോളജ്‌ ഓഫ്‌ ടെക്‌നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചല്‍ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടു.
ദലിത്‌ ക്രൈസ്‌തവ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയില്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. തെക്കന്‍ തിരുവിതാംകൂര്‍ വികസന മിഷനറി പ്രവര്‍ത്തനം, ഹോസ്‌ക്കോട്ട അങ്കോല മിഷനറി പ്രവര്‍ത്തനം, ലാത്തൂര്‍, ഒഡീഷ, ഗുജറാത്ത്‌, ബംഗാള്‍, ആന്ധ്ര ഭൂകമ്പ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം, സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനം, നാഗാലാന്‍ഡ്‌, മണിപ്പുര്‍, കിഴക്കന്‍ തിമോര്‍, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചര്‍ച്ചകളിലെ നേതൃത്വം, യുഎന്‍ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ്‌ തുടങ്ങിയവയിലൂടെ ലോക ശ്രദ്ധനേടി. മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലി ചരിത്രസംഭവമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

Top