പാലാ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രചാരണത്തിനായി പി.ജെ. ജോസഫ് എത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പി.ജെ. ജോസഫിന് യുഡിഎഫ് ഉറപ്പ് നല്‍കി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബെന്നി ബഹനാന്‍ വ്യക്തമാക്കി.
യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും പ്രതികരിച്ചു. യുഡിഎഫില്‍ ഒരു നേതാവിനു നേരെയും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും ബെന്നി ബഹനാന്‍ ഉറപ്പു നല്‍കി. പാലായില്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. കോട്ടയം ഡിസിസി ഓഫിസിലായിരുന്നു യോഗം.
ബെന്നി ബഹനാനെയും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയുമാണ് ജോസഫിന്റെ അതൃപ്‌തി പരിഹരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ്, ടി.യു.കുരുവിള, ജോയ് എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.