• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജോയ്‌ ചെമ്മാച്ചേല്‍ വിട പറഞ്ഞിട്ട്‌ ഒരു മാസം

സാമൂഹിക സാസ്‌കാരിക രംഗത്തും കലാരംഗത്തും ശ്രദ്ധേയനായിരുന്ന ജോയ്‌ ചെമ്മാച്ചേല്‍ അമേരിക്കയിലെ മലയാളി സമൂഹത്തോട്‌ വിട പറഞ്ഞിട്ട്‌ ഒരു മാസമെത്തുന്നു.

ജോയ്‌ ചെമ്മാച്ചേല്‍ എന്ന വ്യക്തിക്കു അമേരിക്കന്‍ മലയാളികളുടെ മനസിലുള്ളത്‌ ഒരു വലിയ സ്ഥാനമാണ്‌. കോട്ടയത്ത്‌ അദ്ദേഹത്തിന്റെ നീണ്ടൂര്‍ ഫാമില്‍ ഒരിക്കലെങ്കിലും പോകാത്തവരും ചുരുക്കമാണ്‌. ഒരു മികച്ച സംരംഭകനില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ജോയ്‌ ചെമ്മാച്ചലിന്റെ വ്യക്തിപ്രഭാവം. അഭിനയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. പ്രത്യേകിച്ചും മിനിസ്‌ക്രീനില്‍.

എണ്‍പതുകളുടെ മധ്യത്തില്‍ ജോയി അമേരിക്കയില്‍ എത്തുന്നത്‌ മനസ്സില്‍ നിറയെ കലയുമായാണ്‌. അമേരിക്കന്‍ മലയാളികളായ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ജോയിചെമ്മാച്ചല്‍. അമേരിക്കന്‍ മലയാളം മൂവി ആന്റ്‌ മിനി സ്‌ക്രീന്‍ ആര്‍ട്ടിസ്റ്റ്‌സ്‌ ലിങ്കിന്റെ ചെയര്‍മാനായിരുന്നു ജോയി. ശാന്തം ഈ സ്‌നേഹ തീരം എന്ന ടെലിസിനിമയിലെ അഭിനയത്തിന്‌ ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ ലഭിച്ചു. കണ്‍മണി, പുനര്‍ജനി എന്നിവയിലും അഭിനയിച്ചിട്ടുണ്ട്‌.

കോട്ടയം സിഎംഎസ്‌ കോളജില്‍ മാഗസിന്‍ എഡിറ്ററായാണ്‌ ജോയിയുടെ സാംസ്‌കാരിക രംഗത്തേയ്‌ക്കുള്ള ചുവടുവെപ്പ്‌. പിന്നീട്‌ സിനിമാസാമൂഹിക രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായി. ഒരുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കവെയാണ്‌ ജോയിയുടെ മരണം.

നീണ്ടൂര്‍ പരേതരായ ലൂക്കോസ്‌ അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനാണ്‌. സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ),തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ), പരേതനായ ഉപ്പച്ചന്‍. നീണ്ടൂര്‍ തൈക്കനാട്ടു കുടുംബാംഗം ഷൈലയാണ്‌ ഭാര്യ. ലൂക്കസ്‌, ജിയോ, അല്ലി, മെറി എന്നിവര്‍ മക്കളാണ്‌.

ജോയി ചെമ്മാച്ചേല്‍ ഇല്ലിനോയി മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പ്രസിഡന്റും കെ സി സി എന്‍ എ യുടെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ആയിരുന്നു. ഫൊക്കാന വൈസ്‌ പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്‌ നല്‌കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരിസ്‌ ക്‌നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്‌. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി കൈരളി ടി വി തിരഞ്ഞെടുത്തിരുന്നു. കൃഷിയും മല്‍സ്യം വളര്‍ത്തലും അടക്കം ഫാമിലെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന ഇപ്പോഴും എത്തുന്നു.
ഫൊക്കാനാ മുന്‍ വൈസ്‌ പ്രസിഡന്റ്‌, കമ്മറ്റി അംഗംകൂടിയായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ ദു:ഖവും, അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ്‌ മാധവന്‍ നായര്‍ അറിയിച്ചു.

താന്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ മണ്ഡലങ്ങളിലും തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രമിച്ചിരുന്നുവെന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കാണുവാന്‍ സാധിക്കുമായിരുന്നുള്ളു. വെന്നും ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ ജോയി ചെമ്മാച്ചേല്‍ വഹിച്ച പങ്ക്‌ ഫൊക്കാന എന്നും ഓര്‍ക്കുമെന്നും അദ്ദോഹം പറഞ്ഞു.

മികച്ച സംഘാടകന്‍,സാമുദായിക സ്‌നേഹി, ജീവ കാരുണ്യ പ്രവര്‍ത്തകന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, കര്‍ഷകന്‍, എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ജോയ്‌ ചെമ്മാച്ചേലിന്റെ വ്യക്തിത്വം എന്നും സ്‌മരിക്കപ്പെടുമെന്ന്‌ അമേരിക്കയിലെ വിവിധ മലയാളി സംഘടനകള്‍ സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

Top