അമേരിക്കന്‍ മലയാള സാഹിത്യതറവാട്ടിലെ കാരണവരും പ്രശസ്‌ത സാഹിത്യകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവും വാഗ്മിയുമായ ജോയന്‍ കുമരകം (84) കാലിഫോര്‍ണിയയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി കാലിഫോര്‍ണിയയിലെ നഴ്‌സിംഗ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ശനിയാഴ്‌ച രാത്രി ആയിരുന്നു അന്ത്യമെന്ന് അദ്ദേഹം താമസിച്ചിരുന്ന ഹേയ്‌വാര്‍ഡിലെ ലാന്‍ഡ്‌മാര്‍ക്ക് നഴ്‌സിംഗ് ഹോം ഉടമയും എഴുത്തുകാരനും നടനുമായ തമ്പി ആന്റണി പറഞ്ഞു.
ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തിന്റെ എണ്‌പത്തിനാലാം ജന്മദിനം ആഘോഷിച്ചത്. അന്ന് സംസാരിച്ചില്ലെങ്കിലും ഹൃദയസ്‌പൃക്കായ ഒരു മറുപടി ഓണ്‍ലൈന്‍ മാധ്യമമായ `ഇ മലയാളി`യില്‍ അദ്ദേഹം എഴുതിയിരുന്നു.
1937 ഫെബ്രുവരി നാലാം തീയതി കുമരകം ലക്ഷമിച്ചിറയില്‍ പൊതുവിക്കാട്ട് പി.എം. മാത്യുവിന്റെയും കാനം പരപ്പളിതാഴത്തു പുത്തന്‍പുരയില്‍ അന്നമ്മ മാത്യുവിന്റേയും അഞ്ചുമക്കളില്‍ രണ്ടാമനായി ജനിച്ചു.
സഹോദരര്‍: പരേതയായ അമ്മുക്കുട്ടി ചാക്കോ (കങ്ങഴ വണ്ടാനത്തു വയലില്‍) പി.എം. മാത്യു (പൊതുവിക്കാട്ട്, കുമരകം) മോളി ജേക്കബ് (ചെരിപ്പറമ്പില്‍, വെള്ളൂര്‍, പാമ്പാടി) ജോര്‍ജ് മാത്യു (പൊതുവിക്കാട്ട്, കുമരകം)
കാനം സി.എം.എസ് സ്‌കൂള്‍ , കുമരകം ഗവണ്‍മെന്റ് സ്‌കൂള്‍, കുമരകം ഹൈസ്‌കൂള്‍ തേവര കോളജ് , സി എം എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
യൂത്ത് കോണ്‍ഗ്രസ്, ഓര്‍ത്തഡോക്‌സ് മൂവ് മെന്റ് ബാലജനസഖ്യം തുടങ്ങിയ തട്ടകങ്ങളില്‍ ആണ് ജോയന്‍ പൊതു പ്രവര്‍ത്തനം ആരംഭിച്ചത്.
ചെറുപ്പകാലത്ത് ലഭിച്ച ഇഴയടുപ്പമുള്ള കുടുംബ സാഹചര്യങ്ങള്‍ ജോയനെ പുസ്‌തക വായനയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്‌ജലി വായിക്കുക വഴി ടാഗോറിന്റെ ഒരു കടുത്ത ആരാധകനായി മാറി.
ഇതിനോടകം ബാലകേരളം മാസികയില്‍ പ്രവര്‍ത്തിക്കുകയും , സീയോന്‍ സന്ദേശം മാസികയില്‍, 'സ്വര്‍ഗ്ഗത്തിലേക്കൊരു കത്ത്' എന്ന തന്റെ ആദ്യ കഥ പ്രസിദ്ധികരിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ബാലകേരളം, ബാലമിത്രം, കുട്ടികളുടെ ദീപിക എന്നീ മാസികകളില്‍ ധാരാളം കഥകള്‍ പ്രസിദ്ധികരിക്കപ്പെട്ടു.
1965 ല്‍ മലയാള മനോരമ പത്രത്തില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഒന്‍പതു മാസത്തോളം പരിശീലനം നേടി.
കൂടാതെ കേരളം ഭൂഷണം, ഭാവന, പൗരധ്വനി എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റര്‍ ആയി.
സ്വപ്‌നം കാണുന്ന സോമന്‍, വയലിലെ ലില്ലി തുടങ്ങി അറുപതില്‌പരം ബാല സാഹിത്യ രചനകള്‍ മലയാള ഭാഷയ്‌ക്ക് നല്‍കി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ല്‍ എന്‍.ബി.എസ് ബുക്ക്‌സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് നേടുകയും ചെയ്‌തു.
ഡി.സി. ബുക്ക്‌സ് സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധികരിച്ച കവിയമ്മവന്റെ ഗ്രാമത്തില്‍ എന്ന രചന പില്‍ക്കാലത്തു ഹൃസ്വ സിനിമയായി നിര്‍മ്മിക്കപ്പെട്ടിരുന്നു.
പതിനെട്ടു വയസ്സുള്ളപ്പോള്‍ അഖില കേരള ബാലജന സഖ്യത്തിന്റെ മത്സരത്തില്‍ ഏറ്റവും മികച്ച പ്രാസംഗികനുള്ള സമ്മാനം നേടി.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മത്സര വേദിയിലും തേവര കോളേജില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ കോളീജിയറ്റ് മത്സരത്തിലും മികച്ച പ്രാസംഗികനുള്ള സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
സുകുമാര്‍ അഴിക്കോട് ,കെ എം തരകന്‍ , വേളൂര്‍ കൃഷ്‌ണന്‍കുട്ടി, കാര്‍ട്ടൂണിസ്‌റ് സുകുമാര്‍ തുടങ്ങിയ സാഹിത്യ നായകന്മാരോട് അടുത്ത സഹവാസം പുലര്‍ത്താന്‍ ജോയന് കഴിഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയില്‍ കുഞ്ചിച്ചായന്റെ കത്തുകള്‍ എന്ന പംക്തി ഇരുപത്തിയഞ്ചോളം വര്‍ഷങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നു. ഇത് ജോയന് വളരെ പ്രസിദ്ധിയും സ്വീകാര്യതയും നേടിക്കൊടുത്തു.
റവ. ഡോ. കെ എം ജോര്‍ജ് , പൗലോസ് മാര്‍ ഗ്രീഗോറിയോസ്, കാലം ചെയ്‌ത മാത്യൂസ് മാര്‍ ബര്‍ണബാസ്,. മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവ തുടങ്ങിയ സമുദായ നേതാക്കന്മാരോടും വളരെ അടുത്ത സംസര്‍ഗം കാത്തു സൂക്ഷിക്കാന്‍ ജോയന്‍ ശ്രദ്ധിച്ചിരുന്നു.
അനിതരസാധാരണമായ വാക്‌ചാതുരിയും, ചരിത്രത്തിലും, രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക രംഗങ്ങളിലും ഉള്ള ആഴമേറിയ പരിജ്ഞാനവും ചുരുങ്ങിയ സമയം കൊണ്ട് ജോയനെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സമ്മതിയുള്ള ആളാക്കി മാറ്റി. പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനിലും ജോയന്റെ പ്രസംഗം അലയടിച്ചു.
ജി സുകുമാരന്‍ നായര്‍ എന്‍ എസ് എസ്‌കോളേജ് പ്രിന്‍സിപ്പല്‍; വി.കെ സുകുമാരന്‍ നായര്‍ വൈസ് ചാന്‍സിലര്‍ കേരള യൂണിവേഴ്‌സിറ്റി; ടി.കെ.ജി നായര്‍ മനോരമ അസി. എഡിറ്റര്‍ ; കെ. വി മാമന്‍ മനോരമ അസി. എഡിറ്റര്‍; പദ്‌മന്‍ മനോരമ വീക്കിലി എഡിറ്റര്‍ (ഇ. വി കൃഷ്‌ണപിള്ളയുടെ മകന്‍); സംവിധായകന്‍ അരവിന്ദന്‍; സാധു മത്തായിച്ചന്‍ മാങ്ങാനം ക്രൈസ്‌തവാശ്രമം സ്ഥാപകന്‍ എന്നിവരോടുള്ള അടുത്ത സൗഹൃദം ജീവിതത്തെ വളരെ സ്വാധിനിച്ചു
അമ്പലപ്പുഴ രാമവര്‍മ സി.എംഎസ് കോളേജ്; പ്രൊഫസര്‍ മാത്യു ഉലകംതറ തേവര കോളജ്; ഫാദര്‍ അജയൂസ് തേവര കോളേജ്; പീറ്റര്‍ ജോണ്‍ കല്ലട, സിസ്റ്റര്‍ ജൊവാന്‍ ചുങ്കപ്പുര തുടങ്ങിയവര്‍ ജോയന്റ് ജീവിതത്തിന് ഊര്‍ജവും കരുത്തും നല്‌കിയവരായി ജോയന്‍ സ്‌മരിക്കുന്നു.
തന്റെ ചെറുപ്പകാലത്ത് മദ്യാസക്തനായിരുന്ന ജോയന്‍ പില്‍ക്കാലത്ത് അതില്‍ നിന്നും മോചിതനായി മദ്യ വിമുക്തിക്കു വേണ്ടി സംഘടനാ പ്രവര്‍ത്തനങ്ങളുമായി സജീവമായി.
1980ല്‍ അമേരിക്കയില്‍ എത്തിയതിനു ശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസ്സുകളില്‍ ജോയന്‍ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകള്‍ ജോയന്റെ പ്രസംഗം കേള്‍ക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും കേട്ടറിഞ്ഞു എത്തുമായിരുന്നു.
ജോബോട്ട് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ന്യൂ യോര്‍ക്കില്‍ ആരംഭിച്ച പുസ്‌തക പ്രസാധക കമ്പനിയിലൂടെ ഏഴ് പുസ്‌തകങ്ങള്‍ പ്രസിദ്ധികരിച്ചു.
ജീവിത സായാഹ്നത്തില്‍ കാലിഫോര്‍ണിയായില്‍ വിശ്രമ ജീവിതം നയിക്കുന്ന ജോയന്‍, നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുമായി പരിചയപ്പെട്ടത് വഴിത്തിരിവായി കാണുന്നു. തമ്പി ആന്റണിയുടെയും ഭാര്യ പ്രേമ ആന്റണിയുടെയും ഉടമസ്ഥയില്‍ വളരെ ഉന്നതമായ പ്രവര്‍ത്തിക്കുന്ന പരിചരണ കേന്ദ്രത്തിലാണ് ജോയന്‍ ഇപ്പോള്‍ താമസിചിരുന്നത്