ന്യൂഡല്‍ഹി: നിയുക്ത സുപ്രീം കോടതി ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോരിറ്റി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധവുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിക്കുന്നതിനായി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നാളെ കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തിന്റെ ഇടപെടലില്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കുമെന്ന് ജഡ്ജിമാരിലൊരാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്‌തതാണെന്നും അതിനാല്‍ തന്നെ നിയമന വിജ്ഞാപനത്തില്‍ അദ്ദേഹത്തിന്റെ പേര് ആദ്യം വരേണ്ടതാണെന്നും ജഡ്ജിമാര്‍ വാദിക്കുന്നു.
എന്നാല്‍ നിയമനം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ അദ്ദേഹത്തിന്റെ സീനിയോരിറ്റി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിക്കും ജസ്റ്റിസ് വിനീത് സരണിനും പിന്നിലായാണ് ജസ്റ്റിസ് ജോസഫിന്റെ സീനിയോരിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ ജസ്റ്റിസ് ജോസഫ് ഈ രണ്ട് ജഡ്ജിമാരേക്കാള്‍ ജൂനിയറായി. ജസ്റ്റിസ് ജോസഫിന് ശേഷം സുപ്രീം കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരാണ് ജസ്റ്റിസ് സരണും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും.