ഫ്രെസ്‌നെ (കാലിഫോര്‍ണിയ): ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് 70 മില്ല്യണ്‍ ഡോളര്‍ ഡോക്ടര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് മാര്‍ച്ച് 20ന് ഫ്രസ്‌നൊ സുപ്പീരിയര്‍ കോടതി വിധിച്ചു. ഇത്രയും നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുന്നത് ഈ കോടതിയില്‍ ആദ്യമാണ്.
2012ല്‍ 70 വയസ്സുള്ള സില്‍വിനൊപെരസ്സിന് പ്രമുഖ പാക്കിസ്ഥാനി അമേരിക്കന്‍ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനായ ഡോ. പെര്‍വെയ്‌സ് ചൗധരിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ഓപ്പറേഷന്‍ റ്റേബിളില്‍ കിടത്തി ഫിസിഷ്യന്‍ അസിസ്റ്റന്റിനെ ഏല്‍പ്പിച്ച് ഡോക്ടര്‍ പുറത്തുപോയി എന്നാണ് ഡോക്ടര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ പറയുന്നത്. ശസ്ത്രക്രിയക്കുവേണ്ടി ചെസ്റ്റ് തുറന്നതു തുന്നിക്കെട്ടാതെ ഫിസിഷ്യന്‍ അസിസ്റ്റന്റിനെ ചുമതലയേല്‍പ്പിച്ചത് കുറ്റകരമായ അനാസ്ഥയാണെന്ന് ജ്യൂറി വിധിയെഴുതി. തുടര്‍ന്ന് അബോധാവസ്ഥയിലായ രോഗി വിധി പ്രഖ്യാപിക്കുമ്പോഴും ചലനമറ്റ ശരീരത്തോടെ ജീവിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
കുടുംബത്തിന്റെ ഏക വരുമാനമാണ് പെരസ്സ് കിടപ്പിലായതോടെ നഷ്ടപ്പെട്ടത്. ഭാര്യ മറവി (ഡിമന്‍ഷ്യ) രോഗത്തിനടിമയാണ്.
ഓപ്പറേഷനുശേഷം അപൂര്‍വ്വമായി ഉണ്ടാകുന്ന വിപരീതഫലമാണ് രോഗിയില്‍ സംഭവിച്ചതെന്ന് ഡോക്ടര്‍ പെര്‍വെയ്‌സ് ചൗധരിയുടെ അറ്റോര്‍ണി വാദിച്ചു.
വിധി പ്രഖ്യാപിക്കുമ്പോള്‍ ഡോക്ടര്‍ ചൗധരി പാക്കിസ്ഥാനിലായിരുന്നു. ഏപ്രില്‍ 2010 മുതല്‍ മാര്‍ച്ച് 2012 വരെ 749 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ പ്രമുഖ ഡോക്ടറാണ് ചൗധരി.