നിലവിലുള്ള നയത്തിന് വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യപ്രളയത്തിൽ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടതെന്നു സർക്കാർ വ്യക്തമാക്കണം. ഈ രഹസ്യ ഇടപാടിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ജലപ്രളയത്തിന്റെ ദുരിതങ്ങളിൽ ജനങ്ങൾ വലയുമ്പോൾ സംസ്ഥാനത്ത് മദ്യപ്രളയത്തിനുള്ള സാഹചര്യം സർക്കാർ സൃഷ്ടിച്ചിരിക്കുന്നു. സി.പി.എം. ഏകപക്ഷീയമായും അതീവരഹസ്യമായും നടത്തിയ ഈ പകൽകൊള്ളയിന്മേൽ അന്വേഷണം നടത്തണമെന്നും പ്രസ്തുത ഉത്തരവ് പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും സുതാര്യത പാലിക്കാതെ നടത്തിയ ഈ ഉത്തരവിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും മുൻ
എക്സൈസ് മന്ത്രി കെ.ബാബു ആവശ്യപ്പെട്ടു.
1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ല. 1996 ൽ ബിയറും വിദേശമദ്യവും ഉല്പാദിപ്പിക്കുന്നതിനായി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകൾ ലഭിക്കുകയും ചെയ്തു. അത് വിവാദമായതിനെ തുടർന്ന് 1999 ൽ ആർക്കും ഇവ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 1999ലെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രളയത്തിന്റെ മറവിൽ അതീവരഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ ഇടതുമുന്നണി ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. ഘടകകക്ഷികളെ പോലും അറിയിക്കാതെ, മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ നിയമസഭയിൽ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പറയാതെ നിലവിലുള്ള മദ്യനയത്തിൽ മാറ്റം വരുത്താതെ ഇപ്പോൾ ധൃതിപിടിച്ച് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിലൂടെ സർക്കാരിന് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിരിക്കുകയാണ്. ഇടത് മുന്നണി അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ രണ്ട് മദ്യനയങ്ങളും മൂന്ന് നയപ്രഖ്യാപനങ്ങളും നടത്തിയെങ്കിലും പ്രസ്തുത നയങ്ങളിലൊന്നും പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് പറഞ്ഞതായി അറിയുന്നില്ല.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പരസ്യമായി പറയുമ്പോൾ സർക്കാർ മദ്യലോബിയുടെ നിയന്ത്രണത്തിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അടിയന്തിര പ്രാധാന്യമുള്ള ജനകീയ പ്രശ്നങ്ങളോടു പോലും മുഖം തിരിച്ചിരിക്കുന്ന സർക്കാർ, മന്ത്രിസഭാ യോഗങ്ങൾ പോലും പതിവായി ഒഴിവാക്കുമ്പോൾ വിദേശമദ്യ ഉല്പാദന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അതീവപ്രാധാന്യം നൽകുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുതിയതായി ഒരു മദ്യശാല പോലും ആരംഭിക്കുകയോ ഒരു ലിറ്റർ മദ്യം പോലും കൂടുതൽ ഉല്പാദിപ്പിക്കുവാൻ അനുമതി നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ 2006-2011ലെ എൽ ഡി എഫ് സർക്കാർ അപേക്ഷിച്ച ബ്രൂവറി - ഡിസ്റ്റിലറി ഉടമകൾക്കെല്ലാം ലക്ഷക്കണക്കിന് ലിറ്റർ വിദേശമദ്യ ഉല്പാദനശേഷി വർദ്ധിപ്പിക്കുവാൻ അനുമതി നൽകി.
മദ്യത്തിന്റെ ആവശ്യകതയില്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ ഇടതുമുന്നണിയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. സുതാര്യതയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ തങ്ങളുടെ ഇഷ്ടക്കാർക്ക് ആരുമറിയാതെ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവ് പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയുകയും ഈ പകൽകൊള്ളയിന്മേൽ അന്വേഷണം നടത്തുവാൻ തയ്യാറാകുകയും ചെയ്യണമെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു..
Regards,
JALEESH PETER
(Education & Career Expert since 1994)
Ph. 9447123075