ഹൂസ്റ്റൺ: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ പ്രവാസി മലയാളികൾക്ക് അത്യുജ്വല വിജയം. ഈ തെരഞ്ഞെടുപ്പിൽ തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി. ജോർജ് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജ് ആയി മത്സരിച്ച ജൂലി മാത്യുവും ഉജ്ജ്വല വിജയം കൊയ്തു.
ഇന്ത്യൻ സമൂഹത്തിന്റെയും പ്രത്യേകിച്ചു ആയിരക്കണക്കിന് മലയാളീ വോട്ടര്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫോർട്ട്ബന്റിൽ ഇക്കുറി കൗണ്ടിയിലെ ഏറ്റവും ഉന്നതമായ പദവിയായ ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് (കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ) മത്സരിച്ചത് മലയാളിയും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക വിദ്യാഭാസ രംഗത്തെ നിറസാന്നിധ്യവുമായ കെ.പി.ജോർജ് ആണ്. ഏഷ്യൻ കമ്യൂണിറ്റിക്കു കൗണ്ടിയിൽ ശക്തമായ സ്വാധീനം ചെലുത്തുവാൻ തന്റെ വിജയത്തിനു കഴിയുമെന്നു ജോർജ് പറഞ്ഞു.
പോൾ ചെയ്ത 233,307 വോട്ടുകളിൽ 51.37% ശതമാനം വോട്ടുകൾ (119,848) നേടിയാണ് ജോർജ് വിജയിച്ചത്.
ഈ പദവിയിൽ ധീർഘനാളായി തുടരുന്ന റോബർട്ട് ഹെബർട്ടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജ് ആയി മത്സരിച്ച ജൂലി മാത്യുവും ശക്തമായ പോരാട്ടത്തിൽ വിജയം കണ്ടു.കഴിഞ്ഞ 15 വർഷമായി അറ്റോർണിയായി പ്രവർത്തിക്കുന്ന ജൂലി ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടർമാരിൽ വലിയ പ്രതീക്ഷയാണ് പുലർത്തിയത്. ഇപ്പോഴത്തെ ജഡ്ജ് ട്രിസിയ ക്രേനേക് നെയാണ് ജൂലി പരാജയപ്പെടുത്തിയത്. കൗണ്ടി കോർട്ടിൽ സമൂലമായ പരിവർത്തനം കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്ന് ജൂലി പറഞ്ഞു.
പോൾ ചെയ്ത 232,502 വോട്ടുകളിൽ 52.57% ശതമാനം വോട്ടുകൾ (122,217) നേടിയാണ് ജൂലി വിജയിച്ചത്.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്ഥികളായിരുന്നു ഇരുവരും. ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആവേശകരമായ ഒത്തൊരുമയും ഈ തെരഞ്ഞെടുപ്പിൽ കണ്ടു. വലിയ ശതമാനം ഏഷ്യൻ വോട്ടർമാരാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. വലിയ ശതമാനം മലയാളി വോട്ടർമാരും വോട്ടുകൾ ചെയ്തു.
റിപ്പോർട്ട് : ജീമോൻ റാന്നി