കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടുള്ള ഫോര്‍മുല പാളിയതോടെ കെ.സുധാകരന്‍ എംപി അമര്‍ഷത്തില്‍. എ.വി.ഗോപിനാഥുമായി തന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതും സുധാകരനെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ഡല്‍ഹിയിലുള്ള നേതാക്കളെ ബന്ധപ്പെട്ട് സുധാകരന്‍ അതൃപ്‌തി അറിയിച്ചതായാമ് അറിയുന്നത്. തുടര്‍ച്ചയായി രാഷ്ട്രീയ തിരിച്ചടികളുണ്ടാകുന്നതിന്റെ നിരാശ വരും ദിവസങ്ങളില്‍ സുധാകരന്റെ നീക്കങ്ങളില്‍ പ്രതിഫലിച്ചേക്കാം.
മത്സരിക്കാനില്ലെന്നു നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിലേക്കു പലവട്ടം സുധാകരന്‍ സ്വാഗതം ചെയ്‌തിരുന്നു. മുല്ലപ്പള്ളിക്കു സുരക്ഷിത മണ്ഡലം ലഭിച്ചാല്‍ സുധാകരനു കെപിസിസി പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ഫോര്‍മുല. ദീര്‍ഘകാലം കണ്ണൂരില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കിലും ഇരുവരും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലായിരുന്നില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ അധിക്ഷേപിച്ചതിന്റെ പേരിലാണു പിണറായി വിജയനെതിരെ താന്‍ കടുത്ത വാക്‌പ്രയോഗങ്ങള്‍ നടത്തിയതെന്നു സുധാകരന്‍ പലവട്ടം ഊന്നിപ്പറഞ്ഞതും മഞ്ഞുരുക്കാനായിരുന്നുവെന്നാണ്‌സൂചന.
പിണറായിക്കെതിരായ പ്രയോഗത്തില്‍ പിന്തുണച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം എന്ന ചൂണ്ടയില്‍ മുല്ലപ്പള്ളി കൊത്തിയില്ല. കെപിസിസി പ്രസിഡന്റാകുന്ന സുധാകരന്റെ ജില്ലയില്‍ എംഎല്‍എയായിരിക്കുന്നതിലെ അപകടവും മുല്ലപ്പള്ളി മുന്‍കൂട്ടി കണ്ടു. സുധാകരന്‍ മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ അമിതമായി താല്‍പര്യപ്പെടുന്നതില്‍ ജില്ലയിലെ നേതാക്കള്‍ അതൃപ്‌തരായിരുന്നു. സുധാകരനു കെപിസിസി പ്രസിഡന്റാകാന്‍ വേണ്ടി മാത്രം ഉരുത്തിരിയുന്ന ഫോര്‍മുല എന്ന നിലയ്‌ക്കാണ് ഈ നീക്കത്തെ ജില്ലാ നേതാക്കളില്‍ ഒരു വിഭാഗം കണ്ടത്.