• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മണിയുടെ ശരീരത്തില്‍ വിഷാംശം; നുണപരിശോധനയ്‌ക്ക്‌ തുടക്കമായി

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നുണപരിശോധന തുടങ്ങി. രാവിലെ തുടങ്ങിയ നുണപരിശോധന രാത്രിയിലേക്കു നീണ്ടു. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിലാണു നടപടികള്‍. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി. വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ്‌ പരിശോധനയ്‌ക്കു വിധേയമാക്കിയത്‌.

ചെന്നൈയിലെ ഫൊറന്‍സിക്‌ ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്‌. ഏഴ്‌ പേരെ നുണ പരിശോധന നടത്താനാണു കോടതി സിബിഐക്ക്‌ അനുമതി നല്‍കിയത്‌. മണിയുടെ സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍, സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടെ നുണപരിശോധനയും നടക്കുന്നുണ്ട്‌.

എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നുണപരിശോധനയ്‌ക്കു സിബിഐ തീരുമാനിച്ചത്‌. 2016 മാര്‍ച്ച്‌ ആറിനാണു കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ്‌ അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ്‌ ദുരൂഹതയ്‌ക്കു വഴിയൊരുക്കിയത്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നു കണ്ടെത്തുകയാണ്‌ സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനാണു നുണപരിശോധന.

Top