ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കൊച്ചി പൊലീസ് കേസെടുത്തു. രണ്ടു ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്‌തു. ബസ് ജീവനക്കാരായ ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബസ് പൊലീസ് പിടിച്ചെടുത്തു. മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ട്.
ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ ജോജി പി. ജോസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ട്രാക്ട് കാരീജ് ലൈസന്‍സ് പ്രകാരം ഓടുന്ന ബസുകള്‍ വിവിധയിടങ്ങളില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ ആര്‍ടിഒ തലത്തില്‍ പരിശോധനകള്‍ കഴിഞ്ഞ ദിവസവും നടന്നിരുന്നു. എറണാകുളത്തുണ്ടായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസിന്റെ സര്‍വീസ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി. ബസിലെ അനിഷ്ട സംഭവങ്ങള്‍ ഷൂട്ട് ചെയ്‌ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖ പരിശോധിക്കുമെന്നു ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അറിയിച്ചു.
മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ശനിയാഴ്‌ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്‌തു. അതേസമയം സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് മരട് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്