യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നു പരാതി ഉയര്‍ന്ന കല്ലട ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ഉടമ സുരേഷ് കല്ലട നേരിട്ടു ഹാജരാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മേയ് 29ന് രാവിലെ 10.30നു കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനാണു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.
കല്ലടയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിവൈഎസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ചു പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്‌പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണു നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ ഗതാഗത കമ്മിഷണറും അന്വേഷണം നടത്തണം. ഇരുവരും മൂന്നാഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നല്‍കണം.
'കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു പോകുന്ന യുവാക്കളെ കല്ലടയിലെ ജീവനക്കാര്‍ കായികമായി നേരിട്ടതായി പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റവര്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസില്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി സ്‌ത്രീകള്‍ ദിവസേനെ ഇത്തരം ബസുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍നിന്ന് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാന്‍ ബാധ്യതയുണ്ടെന്നും പരാതിയില്‍ പറഞ്ഞു' കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.