ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ മൂന്നുപേര്‍ കള്ളവോട്ടു ചെയ്‌തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥീരികരിച്ചു.
കല്യാശേരിയിലെ 69,70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ.എം. എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നു കലക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്‌തു പിടിക്കപ്പെട്ടവരുടെ എണ്ണം ഏഴായി.
കള്ളവോട്ടു ചെയ്‌ത മൂന്നുപേര്‍ക്കെതിരെയും ഐപിസി 177 സി,ഡി,എഫ് വകുപ്പുകളനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. ജോലിയില്‍ വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫ് ഇലക്‌ഷന്‍ ഏജന്റിനെതിരെയും നിയമ നടപടി സ്വീകരിക്കും.
മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കള്ളവോട്ടു നടന്ന ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. പ്രശ്‌നബാധിത ബൂത്തുകളായതിനാല്‍ വെബ് കാസ്റ്റിങ് ഉണ്ടായിരുന്നതിനാലാണു കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. കള്ളവോട്ടു ചെയ്‌തത് ഏതു പാര്‍ട്ടിക്കാരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.