യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തില്‍ പത്തനംതിട്ട സ്വദേശിയും. നയ ഉപദേശകരുടെ പ്രത്യേക സംഘത്തിലാണ് മല്ലശേരി സ്വദേശി മൈക്കിള്‍ സി.ജോര്‍ജിനെ (27) കമലാ ഹാരിസ് ഉള്‍പ്പെടുത്തിയത്.
മാത്യു ടി.തോമസ് എംഎല്‍എയുടെ പിതാവ് റവ. ടി.തോമസിന്റെ ഇളയ സഹോദരനാണ് മൈക്കിളിന്റെ മുത്തച്ഛന്‍ ടി.ജോര്‍ജ്.
ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാര കൈമാറ്റ ടീമിന്റെ ഭാഗമായിരുന്നു മൈക്കിള്‍. പഠനകാലത്ത് ഇന്റേണ്‍ഷിപ് ചെയ്‌തതും വൈറ്റ് ഹൗസിലാണ്.
മല്ലശേരി തുമ്പുംപാട്ട് ഡോ.തോമസ് ജോര്‍ജിന്റെയും ഫിലിപ്പീന്‍സ് സ്വദേശി ഡോ. മറിയ ലുസ് ജോര്‍ജിന്റെയും മകനാണ് മൈക്കിള്‍. ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് സാമൂഹിക ശാസ്‌ത്രത്തില്‍ എംഎസും ഓക്‌സ്‌ഫഡില്‍നിന്ന് കംപാരിറ്റീവ് സോഷ്യല്‍ പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടി. ബരാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് പഠനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ ഇന്റേണ്‍ഷിപ് ചെയ്‌തത്.
ചെറുമകന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ അഭിമാനത്തിലാണ് തോമസ് ജോര്‍ജിന്റെ മാതാപിതാക്കളായ ടി.ജോര്‍ജും ഗ്രേസിയും.