ഹിന്ദിയെ രാജ്യത്തിന്റെ ദേശീയ ഭാഷയാക്കാനുള്ള ബിജെപി നീക്കത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന് യെഡിയൂരപ്പ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണു മുഖ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും യെഡിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
നാനാത്വത്തില്‍ ഏകത്വം എന്ന തത്വം പിന്തുടരുന്ന റിപബ്ലിക്കന്‍ രാജ്യമാണ് ഇന്ത്യ. അതു ലംഘിക്കാന്‍ ഒരു ഷായ്‌ക്കോ സുല്‍ത്താനോ സാമ്രാട്ടിനോ സാധിക്കില്ലെന്നു നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പറഞ്ഞു. ഭാഷയുടെ പേരില്‍ ഏറ്റുമുട്ടല്‍ ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ ആവശ്യമില്ല. എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍, തമിഴാണ് എക്കാലവും മാതൃഭാഷയെന്നും കമല്‍ പറഞ്ഞു.
അമിത് ഷായുടെ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.