കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ ഹാന്‍ഡ് ബാഗുകള്‍ക്ക് ടാഗ് ഒഴിവാക്കാന്‍ ഔദ്യോഗിക അനുമതിയായത് വടക്കന്‍ കേരളത്തിലുള്ള അമേരിക്കന്‍ മലയാളികള്‍ക്ക് ആഹ്‌ളാദം നല്‍കുന്ന അനുഭവമായി.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ വിമാനത്താവളങ്ങള്‍ നിലവില്‍ ടാഗ് ഫ്രീ ആണ്. ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍, സ്വിങ് സംവിധാനം, ഇന്‍ലൈന്‍ എക്‌സ് റേ, സെല്‍ഫ് ബാഗേജ് ഡ്രോപ് സിസ്റ്റം തുടങ്ങി ഒട്ടേറെ ആധുനിക സൗകര്യങ്ങളും കണ്ണൂരിന്റെ പ്രത്യേകതയാണ്.
പരിശോധനകള്‍ക്കു ശേഷം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎസ്) ഇളവ് അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്കെല്ലാം ഇളവുണ്ട്. ഇതോടെ ബാഗുകളില്‍ ടാഗ് ഇടാനോ അതു സീല്‍ ചെയ്യാനോ കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്ക് നേരിട്ട് സുരക്ഷാ പരിശോധനയ്‌ക്ക് പോകാനാകും.
യാത്രക്കാരും അവര്‍ കൈകാര്യം ചെയ്യുന്ന ബാഗേജുകളുമെല്ലാം, കണ്ണൂര്‍ വിമാനത്താവള ടെര്‍മിനലിലും പരിസരത്തുമായുള്ള ഹൈ ഡെഫനിഷന്‍ ക്യാമറകളുടെ നിരീക്ഷണത്തിലാണ്. വിമാനത്താവളം ഉദ്‌ഘാടനം ചെയ്‌ത ദിവസം മുതല്‍ ക്യാമറകള്‍ സജ്ജമാണെങ്കിലും സുരക്ഷാപ്രശ്‌നങ്ങളുണ്ടാവില്ലെന്ന് പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷമാണു ടാഗ് ഒഴിവാക്കാന്‍ ബിസിഎസ് അനുമതി നല്‍കിയത്.