കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം റണ്‍വേ 4000 മീറ്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ലാന്‍ഡ് സര്‍വേ അവസാന ഘട്ടത്തില്‍. കീഴല്ലൂര്‍ പഞ്ചായത്തില്‍ കുമ്മാനം വളയാല്‍ റോഡിന് ഇരുവശത്തുമായി 245 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രത്യാഘാത പഠനം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. വീടും സ്ഥലവും ഏറ്റെടുക്കുമ്പോള്‍ ഓരോ സ്ഥല ഉടമകള്‍ക്കും ലഭിക്കേണ്ട നഷ്ട പരിഹാര തുക എത്രയാണെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്.
റണ്‍വേയ്‌ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന പാക്കേജ് ഇവര്‍ക്കും ലഭിക്കും. നിലവിലുള്ള കിയാലിന്റെ പാക്കേജ് പ്രകാരം ആള്‍ താമസമുള്ള വീടുകള്‍ക്ക് 10 സെന്റ് സ്ഥലം, കുടുംബത്തിലൊരാള്‍ക്ക് ജോലി, സ്ഥലത്തിന് നിശ്വയിച്ചിരിക്കുന്ന അടിസ്ഥാന വില എന്നിവയാണ് ലഭിക്കുക.
ഇതിന് പുറമേ, ഒഴിപ്പിക്കുന്ന വീടുകളിലെ പറമ്പുകളിലുള്ള ഫലവൃക്ഷ തൈകള്‍ക്കും, കിണറിനും അടിസ്ഥാന വില കണക്കാക്കുന്നുണ്ട്. നിലവില്‍ കായ്‌ഫലമുള്ള തെങ്ങ് 1 ന് 10,000 രൂപ, കായ്‌ഫലമില്ലാത്ത തെങ്ങിന് 4,000 രൂപ മുതല്‍ അടിസ്ഥാന വിലയുണ്ട്.