• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ടിക്കറ്റെടുത്ത് കാത്തു നിന്നവരെയും ഇറങ്ങാന്‍ നിന്നവരെയും ഇളിഭ്യരാക്കി ട്രെയിന്‍ നിര്‍ത്താതെ പോയി; സിഗ്‌നല്‍ സംവിധാനമില്ലാത്ത സ്റ്റേഷനില്‍ ചുവന്ന കൊടി കാട്ടിയിട്ടും ഫലമുണ്ടായില്ല

കണ്ണൂര്‍: ലോക്കോ പൈലറ്റിന്റെ മറവി മൂലം മലബാര്‍ എക്സ്പ്രസ്സ് സ്റ്റേഷനില്‍ നിര്‍ത്താതെ പോയി. കണ്ണൂര്‍ ഏഴിമല റെയില്‍വേ സ്റ്റേഷനിലാണ് നിര്‍ത്താതെ പോയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്ക് പോയ മലബാര്‍ എക്സ്‌പ്രസ് പതിവു സ്റ്റോപ്പായ ഏഴിമലയില്‍ നിര്‍ത്താതെ യാത്രക്കാരെ നോക്കുകുത്തിയാക്കി കൂകിപ്പാഞ്ഞത്. ഇത് യാത്രക്കാരില്‍ വ്യാപക പരാതിക്കിടയാക്കി.

ഒട്ടനവധി പതിവു യാത്രക്കാര്‍ ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ നില്‍ക്കുകയും, ഇറങ്ങേണ്ട യാത്രക്കാര്‍ തയ്യാറെടുക്കുകയും ചെയ്യവേയാണ് ട്രെയിന്‍ നേരെ അടുത്ത സ്റ്റേഷനായ പയ്യന്നൂരില്‍ കൊണ്ടു നിര്‍ത്തിയത്. പുതിയ ലോക്കോ പൈലറ്റായതിനാല്‍ മറവി പറ്റിയതാണെന്നാണ് ഇതേക്കുറിച്ച്‌ റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ലോക്കോ പൈലറ്റിനു പുറമെ അസിസ്റ്റാന്റായി മറ്റൊരാള്‍ കൂടി ഉണ്ടായിരിക്കെയാണ് ഈ മറവിരോഗമെന്നത് ഗുരുതരമായ വീഴ്ചയാണെന്നു വിശദീകരണം ആവശ്യപ്പെട്ട പാലക്കാട് ഓപ്പറേഷന്‍ സെക്ഷന്‍ സമ്മതിക്കുന്നു. ഗുരുതരമായ വീഴ്ചയുടെ കാരണമെന്തെന്ന് ലോക്കോ പൈലറ്റിനോട് വിശദീകരണം തേടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു.

രണ്ടാം തവണയാണ് മലബാര്‍ എക്സ്‌പ്രസ് ഏഴിമലയെ കണ്ടില്ലെന്നു നടിച്ച്‌ നിര്‍ത്താതെ കടന്നു പോകുന്നത്. ആദ്യ തവണ അബദ്ധം മനസ്സിലാക്കി പിന്നോട്ടെടുത്ത് സ്റ്റേഷനിലേയ്ക്കു തിരികെ വന്നിരുന്നെങ്കിലും ഇത്തവണ അതുപോലുമുണ്ടായില്ല. ഏഴിമലയില്‍ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം പയ്യന്നൂരില്‍ ഇറങ്ങി ലക്ഷ്യസ്ഥാനം പിടിക്കാന്‍ മറുവഴി തേടിയപ്പോള്‍ മലബാറില്‍ കയറാന്‍ കാത്തിരുന്ന ജീവനക്കാര്‍ അടക്കമുള്ള അസംഖ്യം യാത്രക്കാര്‍ പെരുവഴിയിലായി. ഓപ്പറേഷന്‍ സെക്ഷനില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ത്ത് മലബാറിനു ശേഷം വരേണ്ടതും ഇവിടെ പതിവു സ്റ്റോപ്പില്ലാത്തതുമായ തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസിന് പ്രത്യേകം സ്റ്റോപ്പ് അനുവദിക്കാന്‍ ഉത്തരവിറക്കി ലോക്കോ പൈലറ്റുമാര്‍ക്കു സംഭവിച്ച ഗുരുതരമായ വീഴ്ചയ്ക്കു മറയിടുകയായിരുന്നു.

ഇവിടെ സിഗ്നല്‍ സംവിധാനമില്ല. എന്‍ജിന്‍ ഡ്രൈവറും ഗാര്‍ഡും ചേര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തേണ്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. സിഗ്നല്‍ സംവിധാനമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top