• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി: സിറ്റിംഗ് ലോക്‌സഭാ സീറ്റിലടക്കം അഞ്ചില്‍ നാലിലും തോറ്റു

ബംഗളൂരു> കര്‍ണാടകത്തില്‍ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് ലോക്‌സഭാ സീറ്റായ ബെള്ളാരി അടക്കം നാലിടത്തും ബിജെപി തോറ്റു. ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യമാണ്‌ അഞ്ചില്‍ നാലിടത്തും വിജയിച്ചത്. ഒരു സിറ്റിംഗ് ലോക്‌സഭാ സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ശിവമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാസീറ്റുകളിലേക്കും ശനിയാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ്‌ നടന്നത്.

നിലവില്‍ ബിജെപി മണ്ഡലമായ ബെള്ളാരി ലോക്‌സഭാ സീറ്റില്‍ രണ്ടു ലക്ഷം വോട്ടിനാണ് ബിജെപി തോറ്റത്. ബിജെപിയുടെ പ്രമുഖ നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ഉഗ്രപ്പ ഇവിടെ വിജയിച്ചു. മറ്റൊരു സിറ്റിംഗ് സീറ്റായ ശിവമോഗയില്‍ ബിജെപിയ്ക്ക് 52148 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിയ്ക്കാനായി.ഇവിടെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് വിജയി.

ദളിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യയില്‍ അവരുടെ സ്ഥാനാര്‍ഥി ശിവരാമ ഗൌഡ 3,24,925 വോട്ടിനു വിജയിച്ചു.

നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചു.10,9137 ആണ് ഭൂരിപക്ഷം.ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

ജാംഖണ്ഡി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് സിദ്ദു 39476 വോട്ടിനു ജയിച്ചു.

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 

ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് വോട്ട്‌ ചെയതത്‌. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. ആകെ 31 സ്ഥാനാര്‍ത്ഥികളാണ് അഞ്ചു മണ്ഡലങ്ങളിലുമായി മത്സരരംഗത്തുള്ളത്

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കുടിവെള്ളപ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.

Top