ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച്‌ഡി കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇന്നു തന്നെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 12.15 ന് നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കെആര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന് എംഎല്‍എ എസ് സുരേഷ് കുമാറാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ബംഗളുരു നഗരത്തില്‍ എംഎല്‍എയായ എസ് സുരേഷ് കുമാര്‍ അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെആര്‍ രമേശ് കുമാറും എസ് സുരേഷ് കുമാറും ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെപിക്ക് 104 പേരുടെയും പിന്തുണയാണ് ഉള്ളത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സ്വതന്ത്രരാവുക. കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയായി ബുധനാഴ്ചയാണ് എച്ച്‌ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗമന്ത്രിസഭയാണ് കര്‍ണാടക സര്‍ക്കാരിലുണ്ടാകുക. വലിയക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് 22 പേര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാകും ജനതാ ദളില്‍ നിന്നുണ്ടാകുക.
വിശ്വാസവോട്ടെടുപ്പില്‍ തോറ്റേക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് ബിഎസ് യെദ്യൂരപ്പ രാജിവെച്ചതോടെയാണ് മുഖ്യന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പിലേക്ക് അടുക്കുന്തോറും ആ ആത്മവിശ്വാസം നഷ്ടപ്പെടുകായിയിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.