• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന്‌ സുപ്രീം കോടതി

കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന്‌ സുപ്രീം കോടതി. കേസ്‌ വീണ്ടും പരിഗണിക്കുംവരെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യരാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്‌പീക്കറോട്‌ ഉത്തരവിടണമെന്നാവശ്യപ്പെട്ട്‌ വിമത എംഎല്‍മാരും രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ്‌ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതോടെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന്‌ താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്‌. കൂടുതല്‍ സമയം ലഭിച്ചതോടെ അനുനയനീക്കങ്ങള്‍ക്ക്‌ സഖ്യസര്‍ക്കാറിന്‌ അവസരം ലഭിച്ചിരിക്കുകയാണ്‌.

അതേ സമയം വിമത എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന്‌ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന്‌ തുടക്കമായി. അന്തരിച്ച അംഗങ്ങള്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കലായിരുന്നു ആദ്യ അജണ്ട. രാജി നല്‍കി മുംബൈയിലേക്ക്‌ പോയ വിമത എം എല്‍ എമാരുടെ അസാന്നിധ്യം സഭയില്‍ സര്‍ക്കാരിന്‌ വെല്ലുവിളിയാകുന്നുണ്ട്‌. എംഎല്‍എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ബിജെപി ആരോപിച്ചിരുന്നു.

ഭരണപക്ഷത്തുനിന്നും 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബിജെപിക്ക്‌ 107 പേരുടേയും സഖ്യ സര്‍ക്കാറിന്‌ 101 പേരുടേയും പിന്തുണയുണ്ട്‌. അതേസമയം വിമതരെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ സര്‍ക്കാര്‍. വിമതര്‍ വഴങ്ങിയില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കാനാണ്‌ തീരുമാനം.

Top