ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരാണ് മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനു കര്‍ണാടകയില്‍ നേതൃത്വം നല്‍കിയത്. മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.
2019ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണ് പ്രധാന കക്ഷികള്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസില്‍നിന്നു അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രി 21 റാലികളെയാണ് കര്‍ണാടകയില്‍ അഭിസംബോധന ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി തുടങ്ങി നിരവധി പ്രമുഖരാണ് ബിജെപിക്കായി പ്രചാരണത്തിന് കര്‍ണാടകയില്‍ എത്തിയത്.
രാഹുല്‍ഗാന്ധി 30 ദിവസമാണ് കര്‍ണാടകയില്‍ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകയിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അടക്കമുള്ള നേതാക്കളും പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ എത്തി.
വര്‍ഗീയധ്രുവീകരണം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളാണ് കര്‍ണാടകയില്‍ ചര്‍ച്ചയായത്. മേയ് 12ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണല്‍. ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.