കര്‍ണാടകയിലെ ജെ ഡി എസ് കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ അവസാനത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാറിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച് സ്‌പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച 11 എം എല്‍ എമാരും ബംഗളൂരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിലെ റിസോര്‍ട്ടിലേക്ക് ബി ജെ പി ഇവരെ മാറ്റിയതായാണെന്നാണ് വിവരം. സ്‌പീക്കര്‍ക്ക് രാജി നല്‍കിയ 11 എം എല്‍ എമാരെ കൂടാതെ കോണ്‍ഗ്രസ് ജെ ഡി എസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മറ്റു മൂന്ന് എം എല്‍ എമാരും ഗോവയിലേക്ക് പോകുമെന്നാണ് വിവരം.
അതിനിടെ 11അല്ല 14 എം എല്‍ എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെ ഡി എസ് വിമത നേതാവ് എച്ച് വിശ്വനാഥ് പറഞ്ഞു.
സഖ്യകക്ഷി സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് സ്വമേധയാ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനെ വീഴ്‌ത്താന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നാണ് ബി ജെ പി പരസ്യമായി പറയുന്നത്. എന്നാല്‍ അണിയറയില്‍ സര്‍ക്കാറിന്റെ പതനം വേഗത്തിലാക്കാനുള്ള കൃത്യമായ നീക്കങ്ങളാണ് നടക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാറിനെ വീഴ്‌ത്താനുള്ള നീക്കങ്ങള്‍ നിര്‍ത്തിയതായി ബി ജെ പി ക്യാമ്പില്‍ നിന്നും വാര്‍ത്ത വന്നിരുന്നുവെങ്കിലും നിശബ്ദമായി ഓപ്പറേഷന്‍ താമര ബി ജെ പി നടപ്പാക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഭൂരിഭക്ഷം ഉറപ്പിച്ച ശേഷം ഗവര്‍ണറെകണ്ട് സര്‍ക്കാര്‍ രൂപവത്‌ക്കരിക്കാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയാകും വീണ്ടും ഒരു സര്‍ക്കാറിന് ബി ജെ പി ശ്രമിക്കുന്നത്. എറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്‌ക്കരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡ വ്യക്തമാക്കി കഴിഞ്ഞു.