ബംഗളുരു: കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. മെയ് 28ലേക്കാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. ഒരു ഫ്‌ളാറ്റില്‍ നിനന് കൂട്ടത്തോടെ ഐ.ഡി കാര്‍ഡുകര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിയത്. ഒരു ഫ്‌ളാറ്റില്‍ കൂട്ടിയിട്ട നിലയിലാണ് പതിനായിരത്തോളം ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നിയമവിരുദ്ധ നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കുന്നതാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബംഗളുരുവിലെ ജലനഹള്ളിയില്‍ നിന്ന് ഈ ആഴ്ച ആദ്യമാണ് പതിനായിരത്തോളം ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉടമകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ നടപടികളുടെ ഭാഗമായാണ് വോട്ടെടുപ്പ് മാറ്റിവച്ചത്.
ആര്‍.ആര്‍ നഗറിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജഗദീഷ് രാമചന്ദ്രയാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജലനഹള്ളിയിലെ ഫ്‌ളാറ്റില്‍ എത്തിയ രാമചന്ദ്ര വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡുകള്‍ വ്യാപകമായി കുട്ടിയിട്ടിരിക്കുന്നത് കണ്ട് പരാതി നല്‍കുകയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജീവ് കുമാറിന്റെ പരിശോധനയില്‍ 9746 ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് ആര്‍.ആര്‍ നഗറിലെ സിറ്റിംഗ് എം.എല്‍.എയും നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എന്‍ മുനിരത്‌ന ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.