കര്‍ണാടക മുഖ്യമന്ത്രിയായി ബി ജെ പിയുടെ ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നു ദിവസം മുമ്പു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ രാജിവച്ചതോടെയാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ രൂപവത്‌കരിക്കപ്പെടാന്‍ സാഹചര്യമൊരുങ്ങിയത്.
ബംഗളൂരുവിലെ കഡു മല്ലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത ശേഷമായിരുന്നു യെദ്യൂരപ്പയുടെ സ്ഥാനാരോഹണം. ബി ജെ പി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, 2017 മാര്‍ച്ച് 22ന് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ തുടങ്ങിയവരും വിമത കോണ്‍ഗ്രസ് എം എല്‍ എ. റോഷന്‍ ബെയ്‌ഗും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തിങ്കളാഴ്‌ച സഭയില്‍ വിശ്വാസ വോട്ട് നേടിയ ശേഷം മാത്രമെ പുതിയ മന്ത്രിസഭ രൂപവത്‌കരിക്കുകയുള്ളൂ. വിമത എം എല്‍ എമാര്‍ പിന്തുണക്കുമെന്നാണ് യെദ്യൂരപ്പയുടെയും ബി ജെ പിയുടെയും വിശ്വാസം. മറിച്ചായാല്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ നാലാം തവണയും താഴെയിറങ്ങേണ്ടി വരുന്ന മുഖ്യമന്ത്രിയെന്ന നാണക്കേട് യെദ്യൂരപ്പക്ക് പേറേണ്ടതായി വരും. ബി ജെ പിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയുണ്ട്.