ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക കോണ്‍വോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 40ല്‍ അധികം ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്.
ഗോരിപുര മേഖലയിലാണ് സംഭവം. സൈനികരുടെ കോണ്‍വോയിക്ക് ഇടയിലേക്ക് സ്‌ഫോടക വസ്‌തുവായ ഐഇഡി നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
സ്‌ഫോടനത്തിന് പിന്നാലെ ഇവിടെ വെടിവെപ്പും നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശ്രീനഗര്‍ ജമ്മു ഹൈവേയിലൂടെ പോകുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 70 വാഹനങ്ങളിലായി രണ്ടായിരം സൈനികര്‍ കോണ്‍വോയിലുണ്ടായിരുന്നു. ഇതില്‍ ഒരു ബസ് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. 35 സൈനികരാണ് ഈ ബസില്‍ ഉണ്ടായിരുന്നത്.
പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍. തീവ്രവാദികളുടെ വിഹാരകേന്ദ്രമാണ് സ്‌ഫോടനം നടന്ന സ്ഥലം. ഇതിലൂടെ വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളില്ലാതെയാണ് സൈനികര്‍ പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വന്‍ സുരക്ഷാ വീഴ്‌ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2016 സെപ്‌തംബറില്‍ ഉറി ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു