ജമ്മു കശ്‌മീരില്‍ രണ്ടു മാസത്തിലേറെയായി വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ നിര്‍ദേശം. വ്യാഴാഴ്‌ച മുതല്‍ കശ്‌മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കശ്‌മീരില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ അമര്‍നാഥ് തീര്‍ഥയാത്ര ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്‌മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്‌മീരിലാകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വിലക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും അടഞ്ഞുകിടക്കുകയും ചെയ്‌തു. ജമ്മു മേഖലയിലെ 10 ജില്ലകളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ വരുത്തിയെങ്കിലും കശ്‌മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.
അതേസമയം, കശ്‌മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കിയതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.