കശ്‌മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകളഞ്ഞതിനെതിരെ ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി യോഗം വിളിക്കണമെന്നു ചൈന.
കശ്‌മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാന്‍ പറയുന്നു. പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. കശ്‌മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ജനങ്ങള്‍ തയാറാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്‌താവന. രാജ്യാന്തര തലത്തില്‍ കശ്‌മീരിനുള്ള സ്ഥാനം നിലനിര്‍ത്തുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പു വരുത്തുമെന്നുംഇമ്രാന്‍ പറഞ്ഞു.
പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി വ്യക്തമാക്കി.