• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കഠുവ കേസ്: വിചാരണ പഠാന്‍കോട്ടിലേക്ക്‌

 ജമ്മുകശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ എട്ടുപേര്‍ചേര്‍ന്ന് ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പഞ്ചാബിലെ പഠാന്‍കോട്ടിലേക്കു മാറ്റി സുപ്രീംകോടതി ഉത്തരവിറക്കി. തങ്ങള്‍ക്കു വധഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും അഭിഭാഷകയുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിചാരണയ്ക്കു സുപ്രീംകോടതിയുടെ മേല്‍നോട്ടമുണ്ടാകുമെന്ന് വ്യക്തമാക്കിയ കോടതി, മറ്റുകോടതികളിലൊന്നും ഇതുസംബന്ധിച്ച ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചു.

കോടതിയുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. പ്രതിസന്ധിഘട്ടത്തിലും എല്ലാ പഴുതുകളുമടച്ച് ഇരയുടെ കുടുംബത്തിനു ലഭിക്കേണ്ട നീതി ഉറപ്പുവരുത്തിയ കശ്മീര്‍ പോലീസ് സേനയുടെ മനോവീര്യം കൂട്ടുന്ന തീരുമാനമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തൃപ്തികരമായതും വേഗത്തിലുമുള്ള വിചാരണയാണ് അടിസ്ഥാനപരമായ ആശങ്കയെന്നും അതിനാലാണ് ദിവസവും വാദം കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചതെന്നും അഭിഭാഷകയായ ദീപിക സിങ് പറഞ്ഞു. ഈ കേസ് ഏറ്റെടുത്തതിന് വ്യക്തിപരമായ ആക്രമണം നേരിടേണ്ടിവന്നതായും അവര്‍ വ്യക്തമാക്കി.

തീരുമാനത്തെ പെണ്‍കുട്ടിയുടെ പിതാവ് സ്വാഗതംചെയ്തു. ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ബഖര്‍വാള്‍ മുസ്!ലിം സമുദായാംഗമായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. '!ഞങ്ങള്‍ക്കു നീതിയാണ് വേണ്ടത്. ജുഡീഷ്യറിയിലും സര്‍ക്കാരിലും എനിക്ക് പൂര്‍ണവിശ്വാസമുണ്ട്.'- കശ്മീരിലെ രംബന്‍ ജില്ലയില്‍നിന്ന് വാര്‍ത്താ ഏജന്‍സികളോട് അദ്ദേഹം ഫോണില്‍ പറഞ്ഞു.

Top